എന്റെ സംശയം മുഴുവനും കാമുകിയുടെ കെട്ടിയോനെങ്ങനെനും ഞങ്ങളുടെ ചാറ്റിങ് പൊക്കിയോയെന്നായിരുന്നു….

എഴുതി:-സാജുപി കോട്ടയം

ഏകദേശം ഒരു കൊറേ വർഷങ്ങൾക്ക് മുൻപത്തെ കാര്യമാണ്

ഫേസ്ബുക്കിൽ ഞാൻ സ്ഥിരമായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന കാമുകിയുടെ ഒരു കൂട്ടുകാരി നേരം പരപര വെളുത്തപ്പോതൊട്ടുള്ള ഫോൺ വിളിയാണ് രാത്രിയിലുള്ള പതിവ് ചാറ്റിങ്ങൊക്കെ കഴിഞ്ഞു കിടന്നുറങ്ങുമ്പോ തന്നെ മിക്കവാറും ബ്രമ മുഹൂർത്തമൊക്കെ കഴിഞ്ഞിരിക്കും അതിന്റെ ഷീണത്തിൽ പത്തുമണി യൊക്കെ കഴിഞ്ഞേ ഫോണൊക്കെ എടുക്കാറുള്ളേങ്കിലും ഇതെന്താ അവളുടെ കൂട്ടുകാരി വിളിക്കുന്നതെന്ന് കരുതി ചാടിയെഴുനേറ്റ്…. എന്തെങ്കിലും അത്യാവശ്യം ഉണ്ടാവും… അല്ലെങ്കിൽ ഇത്ര രാവിലെ വിളിക്കില്ല….. എനിക്കാണേൽ പെട്ടന്ന് ഒന്നും ചിന്തിച്ചിട്ട് തലേലോട്ട് വരുന്നുമില്ല..

എന്റെ സംശയം മുഴുവനും കാമുകിയുടെ കെട്ടിയോനെങ്ങനെനും ഞങ്ങളുടെ ചാറ്റിങ് പൊക്കിയോയെന്നായിരുന്നു…. അങ്ങനെ വരാൻ വഴിയില്ല കാരണം വളരെ സുരക്ഷക്രമീകരണമൊക്കെ നടത്തി മിക്കവാറും കെട്ടിയോൻ കൂർക്കം വലിക്കാൻ തുടങ്ങുമ്പോൾ തലവഴിയൊക്കെ പുതപ്പുകൊണ്ട് മൂടിക്കിടന്നാണ് ചാറ്റുന്നത് …. എന്തായാലും എന്തോ കുഴപ്പമുണ്ട്…

ഞാൻ എന്തായാലും അവളുടെ കൂട്ടുകാരിയുടെ ഫോൺ അറ്റന്റ്റ് ചെയ്തു.

എടോ….. എനിക്കൊരു ഹെല്പ് ചെയ്യുമോ…? കൂട്ടുകാരിയുടെ പതിഞ്ഞ ശബ്ദം

എന്ത് ഹെല്പ് …? ( കാശ് വല്ലതും കടം ചോദിക്കാനാണോ??? ഞാൻ വെറുതെ ആത്മഗതം ചെയ്തു )

ഞാൻ പറയാം പക്ഷെ നീയിതൊരിക്കലും അവളോട്‌ പറയരുത്. നമ്മൾ മാത്രമേ അറിയാവു.

നീ…. പറ…. ആകാശം ഇടിഞ്ഞു വീണാലും ഞാൻ അവളോടെന്നല്ല ആരോടും പറയില്ല….. ഞാൻ വാക്ക് കൊടുത്തു.

നീയൊരു പത്ത് മണിക്ക് ടൗണിൽ വരുമോ…? വന്നിട്ട് പറയാം കാര്യം

നീ സസ്പെൻസ് ഉണ്ടാക്കാൻ നിൽക്കാതെ കാര്യം പറയെടി……

അതൊക്കെ പറയാം നീ ബൈക്കിൽ വന്നാൽ മതി…. ഒരു യാത്ര പോകാനാണ്…

അവൾ പറഞ്ഞത് കേട്ടപ്പോൾ അപ്പൊത്തന്നെ ബൈക്കെടുത്തു പോയാലോന്ന് തോന്നിപ്പോയി…. സ്വന്തം കാമുകിയോട് പലവട്ടം ചോദിച്ചിട്ടും നടക്കാത്ത കാര്യമാണ് അവളുടെ കൂട്ടുകാരിവഴി നടക്കാൻ പോണത്..

ഇതിപ്പോ ലഭമായല്ലോ…..

എന്തായാലും വെളുപ്പാൻ കാലത്ത് തള്ളിക്കേറി വന്ന സന്തോഷവും ആക്രാന്തവും ഫോണിൽക്കൂടി കൂട്ടുകാരിക്ക് കാണാൻ പറ്റില്ലല്ലോ.

എന്തായാലും ഗൗരവം വിടാതെ തന്നെ… ചോദിച്ചു

എന്താണെന്ന് നീ തുറന്നു പറ… എങ്ങോട്ട് പോകാനാണ്..?

എടോ… തൊടുപുഴ വരെയും പോകണം ഒരാളെ കാണാനാണ്.

തൊടുപുഴയോ….?? ഞാൻ ആശ്ചര്യം പ്രകടനം നടത്തി…. ഏകദേശം ഒന്നര രണ്ടു മണിക്കൂറെങ്കിലും യാത്രയുണ്ട് കോട്ടയത്തു നിന്ന് അങ്ങോട്ട്… ബൈക്കിൽ സുന്ദരിയായ ഒരുത്തിയെയും കൊണ്ടു പോകുന്ന കാര്യമോർത്തപ്പോ.. സ്വന്തം കാമുകിയെ ഒരു ദിവസത്തേക്ക് അങ്ങോട്ട് മറന്നേക്കാമെന്ന് കരുതി കിട്ടിയ ചാൻസ് വെറുതെ നമ്മളായിട്ടെന്തിന് കളയണം. ഓർത്തപ്പോൾ തന്നെ അടിവയറ്റിൽ നിന്ന് മഞ്ഞും പുകയുമൊക്കെ വന്നു തുടങ്ങി.. ദേഹം മുഴുവനും ആകെയൊരു കുളിരു…..

എന്നാലും നമ്മടെ ഇല്ലാത്ത ഡീസന്റ് സ്വഭാവം കളയാൻ പറ്റുവോ. വളരെ വിനയത്തോടെയും സൗമ്യതയുടെയും ശബ്ദത്തിൽ വ വീണ്ടും സംസാരിക്കാൻ തുടങ്ങി

നമ്മൾ…. ആരെക്കാണാനാണ് പോകുന്നത് അവിടം വരെയും പോയിട്ട് വരുമ്പോൾ മൂന്നാല് മണിക്കൂറെങ്കിലും സമയമെടുക്കും.. നിനക്ക് കൊറച്ചു നേരത്തെ ഇറങ്ങാൻ പറ്റുവോ…?

അത്…. പറ്റില്ലെടോ… കെട്ടിയോൻ ജോലിക്ക് പോകാതെ ഇവിടുന്നു ഇറങ്ങാൻ പറ്റുകേല പിന്നെ പിള്ളേരെയും സ്കൂളിൽ വിടണം അതിനു ശേഷമേ ഇവിടുന്നു ചാടാൻ പറ്റു.

എനിക്ക് വീണ്ടും ചിന്തപ്പാടായി…. ഇവളെങ്ങാനും ഒളിച്ചോടി പോകാനുള്ള പ്ലാൻ വല്ലതും ആണോ..? അവിടെ ചെന്നു കഴിഞ്ഞു ഇവളെങ്ങാനും തിരിച്ചു വരില്ലെന്ന് പറഞ്ഞാൽ ഞാൻ പെട്ടു പോകും. (അങ്ങനെയൊരു അനുഭവമുണ്ട് അത് പിന്നെ പറയാം )

എന്തായാലും കൃത്യമായി ആളെ അറിയാതെ ഞാൻ കൂടെ പോകില്ലെന്ന് തീരുമാനിച്ചു.

നീ…. ആരെയാ കാണാൻ പോകുന്നതെന്ന് പറഞ്ഞില്ല… നിന്റെ വല്ലോ കാമുകനെയോ മറ്റോ ആണോ??? അവനോടു ഇങ്ങോട്ട് വരാൻ പറഞ്ഞാൽ പോരെ..?

പോടാ… പട്ടി…. കാമുകനും മാറ്റവനുമൊന്നുമല്ല…. നമ്മള് കാണാൻ പോകുന്നത് വാവ സുരേഷിനെയാണ്

വാവാ സുരേഷിനെയോ???

അതേ….. അയാളെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിൽ ഒരു രാജവെമ്പാലെയെ പിടിക്കാൻ വരുന്നുണ്ട്.. ഇന്നലെ ഞാൻ സുരേഷേട്ടന് മെസ്സേജ് ഇട്ടപ്പോൾ പറഞ്ഞതാണ്. നേരിട്ട് കാണാമെന്നും പറഞ്ഞു

ഹാവൂ….. എനിക്ക് സമാധാനമായി… അവളുടെ പ്രൊഫൈൽ നിറച്ചും വാവ സുരേഷിന്റെ ഫോട്ടോസും വീഡിയോസുമാണ് . പറഞ്ഞത് സത്യമായിരിക്കും. അത്രയ്ക്കും ഇഷ്ട്ടാണ് എന്നാലും ഇത്രയും റിസ്ക് എടുക്കേണ്ട കാര്യമുണ്ടോ??

യെടി….. അയാള് കോട്ടയം വഴിയല്ലേ പാസ്സ് ചെയ്തു പോകുന്നത്…. അപ്പൊ കോട്ടയത്ത്‌ നിന്നാൽ കാണാൻ പറ്റില്ലേ നിങ്ങൾക്ക് തമ്മിൽ..?

പോടാ.. പൊട്ടാ… അവരുടെ കാർ ഒൻപത് മണിക്ക് കോട്ടയം പാസ്സ് ചെയ്യും പിന്നെങ്ങനെ കാണും… എനിക്ക് പത്തു മണിക്കല്ലേ അവിടെ വരാൻ പറ്റു

നമ്മുക്ക് തൊടുപുഴയിൽ ചെന്നു കാണാം അവിടെ എന്തായാലും കൊറച്ചു സമയം ഉണ്ടാവുമല്ലോ…!

എന്നാപ്പിനെ പത്തുമണിക്ക് ബേക്കർ ജംഗ്ഷനിൽ കാണാമെന്നു പറഞ്ഞു ഫോൺ വച്ചു.

ഞാൻ കൃത്യം ഒൻപതരക്ക് തന്നെ ബസ് സ്റ്റോപ്പിൽ എത്തി എന്നെയെങ്ങാനും കാണാതെ വന്നാൽ അവൾ വേറെതെങ്കിലും വണ്ടിക്ക് കയറിയാണേലും പോകും അതെനിക്ക് ഉറപ്പായിരുന്നു

പറഞ്ഞത് പോലെത്തന്നെ അവൾ ബസ്സിൽ നിന്നിറങ്ങിയയുടൻ തന്നെ ഓടിവന്ന് ബൈക്കിൽ കയറിയിട്ട് വേഗം വിട്ടോളാൻ പറഞ്ഞു.

വണ്ടിയെടുത്ത് രണ്ടു കിലോമീറ്റർ കഴിഞ്ഞപ്പോൾ മുതൽ പുള്ളിക്കാരി അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി…. വണ്ടിക്ക് സ്പീഡ് കുറവാണെന്നു പറഞ്ഞു

ഹാ… ഇതുനല്ല പുകില്…. ഞാൻ ആരെങ്കിലും കൂടെയുണ്ടെങ്കിൽ മാക്സിമം 50ന് മേലോട്ട് വിടില്ല. അതുതന്നെയുമല്ല സ്പീഡ് കൂട്ടിയാൽ ആസ്വാധനം നടക്കില്ലല്ലോ. തന്നെയുമല്ല അവൾ ഒരു സൈഡ് ചെരിഞ്ഞാണ് ഇരിക്കുന്നതും

ഞാൻ വണ്ടി നിറുത്തി

ഇങ്ങനെ സൈഡിലോട്ട് ഇരുന്നാൽ സ്പീഡിൽ പോകാൻ പറ്റൂല…

പറയേണ്ട താമസം പുള്ളിക്കാരി ചാടിയിറങ്ങീട്ട്…. ഒരു കാല് പൊക്കി മറുവശത്തേക്കിട്ട് ചാടിക്കേറിയിരുന്നു.

രോഗി.. ഇച്ഛിച്ചതും വൈദ്യർ കല്പ്പിച്ചു തന്നതും ഒന്നായി….. പിന്നെ ഇത്തിരി പഞ്ചാരയും കൂട്ടിയിട്ടാ രോഗിക്കെന്താ കയ്‌ക്കുമോ.!

ഒരു സേഫ്റ്റിയ്ക്ക് വേണേൽ എന്നെ പിടിച്ചോ… യെന്നു പറഞ്ഞു.

പുള്ളിക്കാരിയും സേഫ്റ്റിയുടെ ആളാണെന്നു തോന്നുന്നു അതുകൊണ്ട് സ്പീഡ് കൂടും തോറും പിടുത്തതിന്റെ മുറുക്കവും കൂടി…… വണ്ടിനേരെലോകത്തിന്റെ അറ്റത്തേക്ക് വരെയും ഓടിച്ചാലോയെന്ന് തോന്നിയ നിമിഷങ്ങൾ

മണിക്കൂറുകളും ദൂരങ്ങളും എനിക്ക് നിമിഷങ്ങൾ പോലെയായിരുന്നു ഫീൽ ചെയ്തത്

തൊടുപുഴ ഇത്രയും അടുത്തായിരുന്നോ????
ഞാനവളോട് ചോദിച്ചു

അവളതൊന്നും ശ്രെദ്ധിക്കാതെ…. ഇനിയെങ്ങോട്ടാണെന്ന് ചെല്ലേണ്ടതെന്ന് നമ്മുക്ക് സുരേഷേട്ടനെ വിളിച്ചു ചോദിച്ചാലോ?? എന്നെന്നോട് ചോദിച്ചുകൊണ്ട് അവൾ ഫോൺ ഡയൽ ചെയ്തു. എന്തൊക്കെയോ സംസാരിച്ചു അവളുടെ മുഖത്തെ ഭാവം മാറുന്നത് ഞാൻ ശ്രെദ്ധിച്ചു.

എന്താണ് കാര്യമെന്ന് ശബ്ദമില്ലാതെ പുരികം കൊണ്ട് ചോദിച്ചു. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു.

അവര് തിരികെ പോയി…… ഇവിടെ വന്നപ്പോൾ രാജവെമ്പാല ഒന്നുമല്ലായിരുന്നു വലിയൊരു ചേരയായിരുന്നു അപ്പൊത്തന്നെ അതിനെയും പിടിച്ചുകൊണ്ടു തിരിച്ചു പോയി.

നീ….. വരുമെന്നു അയാളോട് പറഞ്ഞതല്ലേ…??

മ്മ്മ്…

നീയൊരു കാര്യംചെയ്യ് വാവ സുരേഷിനെ വിളിച്ചു താ…. ഞാൻ സംസാരിക്കാം.

അവളുടെ നിൽപ്പ് കണ്ടപ്പോൾ എനിക്കപ്പൊ അങ്ങനാണ് തോന്നിയത്.

അവൾ ഡയൽ ചെയ്തു തന്നു… ഞാൻ സുരേഷിനോട് എവിടാണെന്ന് ചോദിച്ചു…. അപ്പോഴേക്കും അവർ തിരിച്ചു പാലാ വരെയും ആയിട്ടുണ്ടായിരുന്നു

ഞാൻ ചോദിച്ചു കുറച്ചു പതുക്കെ പോകാമോ നിങ്ങൾ കോട്ടയത്ത്‌
ഞങ്ങളും അവിടെത്താം . എങ്കിൽ വേഗത്തിൽ വന്നോളാൻ പറഞ്ഞു പുള്ളി പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

പിന്നെയങ്ങോട്ട് ബൈക്കിൽ തിരികെ കോട്ടയത്തോട്ട് ഒറ്റ കത്തിക്കലായിരുന്നു….. അങ്ങോട്ട് പോയതിനേക്കാൾ സ്പീഡിൽ..

ഞങ്ങൾ കോട്ടയത്ത്‌ എത്തുമ്പോ… ഞങ്ങളെയും വെയിറ്റ് ചെയ്തു വാവ സുരേഷും അയാളുടെ ഡ്രൈവറും ksrtc ബസ് സ്റ്റാൻഡിന്റെ സമീപം നിൽപ്പുണ്ടായിരുന്നു.

വാവ സുരേഷിന്റെ അടുത്ത് തന്നെ ബൈക്ക് ഞാൻ ചേർത്ത് നിറുത്തി ഞങ്ങൾക്ക് പുള്ളിക്കാരനെ മനസിലായെങ്കിലും ഞങ്ങളെ അറിയില്ലല്ലോ.

ഞാൻ സ്വയം പരിചയപ്പെടുത്തി പിന്നെ പുള്ളിക്കാരിയെയും പരിചയപെടുത്തുവാൻ തിരിഞ്ഞു നോക്കുമ്പോ

അവൾ വാവ സുരേഷിന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കിനിൽക്കുന്നു അവളുടെ ചുണ്ടുകൾ വല്ലാതെ വിറക്കുന്നുണ്ട് കൈവിരലുകൾ നിവർക്കുകയും ചുരുക്കി പിടിക്കുകയും ചെയ്യുന്നുണ്ട് കണ്ണിൽക്കൂടി പിടിച്ചു നിറുത്താൻ കഴിയാത്തവണ്ണം കണ്ണുനീർ പുറത്തേക്കൊഴുകുന്നു മുഖത്ത് ചിരിയോ കരച്ചിലോ അടക്കാൻ അവൾ പാടുപെടുന്നുണ്ട്…. ആ സ്ഥിതിയിൽ അൽപനേരം കൂടി കഴിഞ്ഞാൽ അവൾ ബോധംകെട്ട് വീണുപോയേക്കുമെന്ന് തോന്നി.

അപ്പോഴേക്കും വാവ സുരേഷ് അവളുടെ കയ്യിൽ പിടിച്ചു.. അയാൾ തൊട്ടപ്പോൾ തന്നെ അവൾ നോർമലായി അവൾ അയാളുടെ പരിസരം പോലും നോക്കാതെ അയാളുടെ കാലിൽ തൊട്ടു..

എനിക്ക് ഭയങ്കര അത്ഭുതം തോന്നി…. ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളെയെങ്ങാനാണ് മനുഷ്യർ ഇത്രയും സ്നേഹിച്ചു പോകുന്നതെന്നോർത്ത്

അതുപോലെ എത്രയെത്ര ആളുകളുണ്ടാവും ഇതുപോലെ സ്നേഹിക്കുന്നവർ. എന്നിട്ടും സുരക്ഷിതമല്ലാത്ത ജീവിതംകൊണ്ട് എന്തിനാണ് ഇയാളൊക്കെ ഇഷ്ട്ടപെടുന്നവരെ സങ്കടത്തിലാക്കുന്നത്.

ഇന്നലെ വാവ സുരേഷിന് മൂര്ഖന്റെ കടിയേറ്റ ന്യൂസ്‌ കണ്ടപ്പോൾ എന്റെ മനസിലേക്ക് ആദ്യമെത്തിയതും അവളുടെ മുഖമാണ്

ചിലപ്പോൾ ഈ സമയത്തും അയാൾക്ക് വേണ്ടി സകല ദൈവങ്ങളെയും വിളിച്ചു അവൾ എവിടെങ്കിലുമിരുന്നു പ്രാർത്ഥിക്കുന്നുണ്ടാവും