എഴുത്ത്:-അപ്പു
” അച്ഛാ.. അച്ഛന്റെ ഈ അനാവശ്യ വാശി കൊണ്ട് അച്ഛൻ നശിപ്പിക്കുന്നത് എന്റെ ജീവിതമാണ്.”
വിങ്ങി കരഞ്ഞുകൊണ്ട് മകൾ പറയുന്നത് അയാളുടെ ചെവിയിൽ കയറുന്നുണ്ടായിരുന്നില്ല. ആ നിമിഷവും തന്റെ തീരുമാനം തന്നെയാണ് ശരി എന്നൊരു ബോധത്തിൽ ആയിരുന്നു അയാൾ ഉണ്ടായിരുന്നത്.
എത്രയൊക്കെ പറഞ്ഞിട്ടും അയാളുടെ ഭാഗത്തു നിന്ന് യാതൊരു മാറ്റവും കാണാതെ വന്നപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു.
“ശരി. അച്ഛന്റെ തീരുമാനം തന്നെ നടക്കട്ടെ. ഞാൻ എതിർക്കുന്നില്ല. ഉണ്ണിയേട്ടനെ ഞാൻ മറന്നോളാം. ഞങ്ങൾ തമ്മിലുള്ള വിവാഹത്തിന് ആണല്ലോ അച്ഛൻ എതിരെ നിൽക്കുന്നത്..? ഞങ്ങൾ തന്നെ അത് വേണ്ടെന്ന് വെച്ചോളാം. പക്ഷേ പിന്നീട് ഒരിക്കലും, മറ്റാരെയെങ്കിലും വിവാഹം കഴിക്കണം എന്നുള്ള ആവശ്യവുമായി അച്ഛൻ എന്റെ മുന്നിലേക്ക് വരരുത് .”
അവൾ അത് പറഞ്ഞപ്പോൾ തൊട്ടടുത്തു നിന്ന് അമ്മ ഞെട്ടലോടെ അവളെ നോക്കി.
“മോളെ..”
അവർ വേദനയോടെ വിളിച്ചു.
” എന്റെ തീരുമാനത്തിൽ മാറ്റം ഒന്നുമില്ല. ഉണ്ണിയേട്ടൻ അല്ലാതെ മറ്റൊരാളും എന്റെ ജീവിതത്തിലേക്ക് കടന്നു വരില്ല എന്ന് നേരത്തെ തന്നെ ഞാൻ തീരുമാനിച്ചിട്ടുള്ളതാണ്. അച്ഛനു വേണ്ടി ഞാൻ ഉണ്ണിയേട്ടനെ ഉപേക്ഷിച്ചു എന്ന് കരുതി എന്റെ തീരുമാനം ഞാൻ മാറ്റില്ല. ഏട്ടൻ അല്ലാതെ മറ്റാരും എന്റെ കഴുത്തിൽ താലി കെട്ടില്ല. “
ഉറച്ച ഒരു തീരുമാനം പോലെ അതും പറഞ്ഞു കൊണ്ട് അവൾ തന്റെ മുറിയിലേക്ക് കയറിപ്പോയി.
“എന്തിനാ ചേട്ടാ ഇങ്ങനെ ഒരു വാശി..?അവൾ പറഞ്ഞിട്ട് പോയത് നിങ്ങളും കേട്ടതല്ലേ..? അവളുടെ ജീവിതം ഇല്ലാതാക്കി കൊണ്ട് തന്നെ വേണോ നിങ്ങളുടെ വാശി തീർക്കാൻ..?”
ഭാര്യ ചോദിച്ചത് അയാൾക്ക് തീരെ ഇഷ്ടമായില്ല.
“ഇവിടെ തീരുമാനമെടുക്കാൻ ഞാനുണ്ട്.നിന്റെ ആവശ്യം വരുമ്പോൾ ഞാൻ നിന്നെ വിളിക്കാം.”
രൂക്ഷമായി പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി പോയി.
മുറിയിൽ ചെന്ന് കട്ടിലിലേക്ക് വീണു കരയുകയായിരുന്നു അവൾ.
എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന രണ്ടു കുടുംബങ്ങളാണ് തന്റെയും ഉണ്ണിയേട്ടന്റെയും..! പക്ഷേ ഇപ്പോൾ…
വേദനയോടെ അവൾ ആ ഓർമ്മകളെ താലോലിക്കുകയായിരുന്നു.
അച്ഛന്റെ ഒരേയൊരു പെങ്ങൾ ശാരദപ്പച്ചിയുടെ മകനാണ് ഉണ്ണി.ഉണ്ണിയേട്ടൻ കുഞ്ഞായിരിക്കുന്ന സമയത്ത് തന്നെ ഉണ്ണിയേട്ടന്റെ അച്ഛൻ ഒരു അപകടത്തിൽപ്പെട്ട് മരണപ്പെട്ടു. അന്ന് തനിച്ചായി പോയ അനിയത്തിയെയും കുഞ്ഞിനെയും തിരികെ തറവാട്ടിലേക്ക് മടക്കി കൊണ്ടു വന്നത് അച്ഛൻ തന്നെയായിരുന്നു.
പിന്നീട് തറവാടിന് അടുത്ത് തന്നെ അവർക്ക് ഒരു വീട് വച്ച് കൊടുക്കുകയും അവിടെ അവർ താമസമാവുകയും ചെയ്തു. മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും എല്ലാ കാര്യങ്ങൾക്കും രണ്ടു കുടുംബങ്ങളും ഒന്നിച്ചു തന്നെയായിരുന്നു.
ആ വീട്ടിലെ ചെലവുകൾ ഒക്കെയും പലപ്പോഴും നിയന്ത്രിച്ചിരുന്നത് അച്ഛനായിരുന്നു. അപ്പച്ചിക്ക് കിട്ടിയ സ്വത്ത് വകകളിൽ നിന്നുള്ള വരുമാനമൊക്കെ കൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ടു പോയത്. ഉണ്ണിയേട്ടന്റെ പഠന ചെലവൊക്കെ നോക്കിയത് അച്ഛനായിരുന്നു.
ചെറുപ്പത്തിൽ തന്നെ ഉണ്ണിയേട്ടന്റെയും തന്റെയും വിവാഹം പറഞ്ഞു ഉറപ്പിച്ചതാണ് രണ്ട് വീട്ടുകാരും ചേർന്ന്. ഞങ്ങൾ വലുതാകുമ്പോൾ ഞങ്ങളെ തമ്മിൽ വിവാഹം കഴിപ്പിക്കാനാണ് അവരുടെ താല്പര്യം എന്ന് ഞങ്ങൾക്ക് ചെറുപ്പത്തിൽ തന്നെ അറിയാമായിരുന്നു.
അത് അറിഞ്ഞതു കൊണ്ടാണോ അതോ ഞങ്ങൾക്ക് സ്വയം തോന്നിയതാണോ എന്ന് ഇപ്പോഴും ഉറപ്പില്ല, പ്രണയം എന്നൊരു വികാരം മനസ്സിലാക്കി വന്നപ്പോൾ മുതൽ ഞങ്ങൾ ഇരുവരും പരസ്പരം പ്രണയിക്കാൻ തുടങ്ങി.
വീട്ടുകാരുടെ മൗനാനുവാദത്തോടെ തന്നെയുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. പക്ഷേ ഒരിക്കൽ പോലും അതിരുകൾ ലംഘിച്ച് ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല.
നല്ല രീതിയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. പക്ഷേ വളരെ അപ്രതീക്ഷിതമായി അച്ഛനും അപ്പച്ചനും തമ്മിൽ ഒരു കുടുംബ കലഹം ഉണ്ടായി.
അപ്പച്ചിക്ക് എന്ന് പറഞ്ഞ് അപ്പച്ചിയുടെ അച്ഛൻ മുമ്പ് പറഞ്ഞിരുന്ന സ്ഥലം അച്ഛൻ അപ്പച്ചിക്ക് കൊടുത്തില്ല എന്നുള്ളതാണ് കാരണം. പക്ഷേ ആ സ്ഥലം വിറ്റിട്ടാണ് അപ്പച്ചിക്ക് വീട് വച്ചത് എന്ന് അച്ഛൻ പറഞ്ഞിട്ടും അപ്പച്ചിക്ക് അതൊന്നും വിശ്വാസമാകുന്നുണ്ടായിരുന്നില്ല.
ആ സ്ഥലം അപ്പച്ചിയുടെ പേരിൽ കിട്ടണം എന്ന് പറഞ്ഞാണ് അപ്പച്ചി പ്രശ്നം ഉണ്ടാക്കിയത്. ഇത്രയും കാലം അപ്പച്ചിക്കും കുടുംബത്തിനും വേണ്ടി ജീവിച്ചിട്ടും അച്ഛനെ മനസ്സിലാക്കാൻ അപ്പച്ചിക്ക് കഴിഞ്ഞില്ല എന്നോർത്തപ്പോൾ അച്ഛനും വാശിയായി.
അതോടെ രണ്ടു കുടുംബങ്ങളും തമ്മിലുള്ള ബന്ധം അവസാനിച്ചു. അതിന്റെ പരിണിതഫലമാണ് തന്റെയും ഉണ്ണിയേട്ടന്റെയും വിവാഹം നടത്തി തരാൻ കഴിയില്ല എന്ന് അച്ഛൻ പ്രഖ്യാപിച്ചു.
പക്ഷേ ഉണ്ണിയേട്ടൻ ഇല്ലാതെ എനിക്കും ഞാൻ അല്ലാതെ ഉണ്ണിയേട്ടനോ ജീവിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല.
നെടുവീർപ്പോടെ അവൾ ചിന്തിച്ചു.
അതേ സമയം ഉണ്ണിയുടെ വീട്ടിലും കോലാഹലം തന്നെയായിരുന്നു.
” ഇത് കുറച്ചു കഷ്ടമാണെന്നേ.. ഞങ്ങളെ രണ്ടുപേരെയും പരസ്പരം വിവാഹം കഴിപ്പിക്കാം എന്ന് നിങ്ങൾ രണ്ടാളും കൂടി തന്നെയല്ലേ തീരുമാനിച്ചത്? ആ ഉറപ്പിന്റെ ബലത്തിൽ അല്ലേ ഞങ്ങൾ ഇരുവരും പ്രണയിച്ചത്..? ഇപ്പോൾ വിവാഹം കഴിക്കാനുള്ള സമയമായപ്പോൾ ഇതു പറ്റില്ല എന്ന് പറയുന്നത് എന്തൊരു കഷ്ടമാണ്.? പരസ്പരം പ്രണയിച്ചവർ അല്ലേ ഞങ്ങൾ..? പിരിയാൻ ഞങ്ങൾക്ക് കഴിയില്ല. “
അമ്മയോട് വാദിക്കുകയായിരുന്നു ഉണ്ണി.
” നീ എന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കാൻ ഞാൻ സമ്മതിക്കില്ല. അവളുടെ അച്ഛൻ ഒരു കള്ളനാണ്. അല്ലെങ്കിൽ പിന്നെ എന്റെ അച്ഛൻ എനിക്ക് തരണം എന്നു പറഞ്ഞ് അയാളെ ഏൽപ്പിച്ച വസ്തു എന്നോട് ഒരു വാക്ക് ചോദിക്കാതെ അയാൾ വിറ്റു കളയില്ലല്ലോ .. പിന്നെ വിറ്റു എന്നൊക്കെ അയാൾ നുണ പറയുന്നതായിരിക്കും. ഇപ്പോഴും അത് അയാളുടെ കൈവശം തന്നെ ഉണ്ടാകും. അഥവാ അങ്ങനെയുണ്ടെങ്കിൽ എനിക്ക് തരേണ്ടി വരും എന്ന് കരുതിയായിരിക്കും വിറ്റു എന്ന് നുണ പറഞ്ഞത്. “
അമ്മ പറയുന്നത് കേട്ട് ഉണ്ണിക്ക് പുച്ഛം തോന്നി.
“അമ്മാവനോട് ഇങ്ങനെയൊക്കെ സംസാരിക്കാൻ അമ്മയ്ക്ക് എങ്ങനെ കഴിയുന്നു..? ആരു ആശ്രയം ഇല്ലാതെ ഈ തറവാട്ടിലേക്ക് നമ്മൾ വന്നു കയറിയപ്പോൾ മുതൽ നമ്മുടെ ഒരു ആവശ്യങ്ങൾക്കും ഒരു കുറവും വരാതെ അമ്മാവൻ നമ്മളെ സംരക്ഷിച്ചിട്ടുണ്ട്. എല്ലാത്തിലും ഉപരി എന്നെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിച്ചത് അദ്ദേഹമാണ്. അതിന്റെ നന്ദിയും കടപ്പാടും എങ്കിലും അമ്മാവനോട് നമ്മൾ കാണിക്കണം..”
അവൻ പറഞ്ഞത് കേട്ട് അമ്മയ്ക്ക് ദേഷ്യമാണ് തോന്നിയത്.
” ഈ സ്വത്തിന്റെയും പണത്തിന്റെയും ഒക്കെ വില നിനക്ക് അറിയാത്തതു കൊണ്ടാണ്. ഇതൊക്കെ കിട്ടിയാൽ നിനക്ക് തന്നെയാണ് ഭാവിയിലേക്ക് ഗുണം ചെയ്യുക. “
അമ്മ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു.
” എന്റെ അമ്മേ.. ഞാൻ അമ്മയ്ക്ക് ഒരേയൊരു മകനാണ്. അതുപോലെ അവൾ അവളുടെ അച്ഛനും അമ്മയ്ക്കും ഒരേയൊരു മകളാണ്. നിങ്ങളിൽ ആരുടെ കൈവശം ഇരിക്കുന്ന സ്വത്തു വകകളും ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ പോലെ ഉപയോഗിക്കാൻ പറ്റുന്നതാണ്. അല്ലെങ്കിൽ ഞങ്ങളുടെ വരും തലമുറയ്ക്ക് ഉള്ളതാണ്. അതിപ്പോൾ അമ്മാവന്റെ പേരിൽ അങ്ങനെ ഒരു വസ്തു ഉണ്ടെങ്കിൽ തന്നെ നാളെ അത് അവൾക്കുള്ളത് ആയിരിക്കും. അവൾക്കുള്ള തൊക്കെ എന്റെയും കൂടെയല്ലേ.. അമ്മ പിന്നെ എന്തിനാണ് നല്ല രീതിയിൽ രണ്ടു കുടുംബങ്ങളെ ഈ രീതിയിൽ എത്തിച്ചത്..? “
അവൻ അത് ചോദിച്ചപ്പോൾ അവർക്ക് ജാള്യത തോന്നി.ശരിക്കും പറഞ്ഞാൽ അപ്പോഴാണ് അവർ അങ്ങനെ ഒരു കാര്യത്തിനെ കുറിച്ച് ചിന്തിക്കുന്നത്.
” നിങ്ങളുടെയൊക്കെ ഇഷ്ടം അങ്ങനെയാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. ഞാൻ എതിരെ നിൽക്കുന്നില്ല. “
അത് പറഞ്ഞ് അമ്മ അകത്തേക്ക് പോകുമ്പോൾ അവൻ അറിയാമായിരുന്നു തെറ്റ് സമ്മതിക്കാനുള്ള മടിയാണ് അതെന്ന്.
എന്തൊക്കെയായാലും ആങ്ങളയും പെങ്ങളും തമ്മിലുണ്ടായിരുന്ന സൗന്ദര്യ പിണക്കം അവസാനിച്ച്, അവരുടെ പ്രണയത്തിന് ചുക്കാൻ പിടിക്കാൻ ആ കുടുംബം കൂടെ നിന്നു.
രണ്ടുപേരുടെ അനാവശ്യ വാശി കാരണം പരസ്പരം അകന്നു പോകുമായിരുന്ന പ്രണയത്തിനെ കഷ്ടപ്പെട്ടാണെങ്കിലും സ്വന്തമാക്കിയ സന്തോഷമായിരുന്നു ഉണ്ണിക്കും അവന്റെ പെണ്ണിനും..!