എഴുത്ത്: അപ്പു
” എന്റെ താലി പൊട്ടിച്ചവളെ തന്നെ വേണമല്ലേ നിനക്ക് ഭാര്യയായിട്ട്..? “
അമ്മയുടെ ചോദ്യം കേട്ട് ശ്രീജേഷ് ഞെട്ടലോടെ അമ്മയെ നോക്കി.
“അമ്മേ.. അമ്മ ഇത് എന്തൊക്കെയാ പറയുന്നത്? അവൾ എന്ത് തെറ്റ് ചെയ്തിട്ടാണ്..?”
അവൻ വിഷമത്തോടെ ചോദിച്ചു.
“എന്ത് തെറ്റ് ചെയ്തെന്നോ..? നിനക്ക് അറിയില്ല അല്ലേ..? നിന്റെ അച്ഛൻ എങ്ങനെയാടാ മരിച്ചത്..?”
അമ്മ ക്രോധത്തോടെ അലറി.
“ആക്‌സിഡന്റ്…”
അവൻ പതിയെ പറഞ്ഞു.
“ആക്‌സിഡന്റ് എന്ന് എത്ര നിസാരമായിട്ടാണ് നീ പറഞ്ഞത്..? അത് എന്നാണ് ഉണ്ടായത് എന്ന് നീ മറന്ന് പോയോ..? നിന്റെ വിവാഹ ദിവസം.. കല്യാണ പന്തലിലേക്ക് പോയ വണ്ടി ബസിലേക്ക് ഇടിച്ചു കയറി ആ ക്ഷണം മുന്നിൽ ഇരുന്ന നിന്റെ അച്ഛനും വണ്ടിയുടെ ഡ്രൈവറും മരിച്ചില്ലേ..? അത് വെറുതെ സംഭവിച്ചതാണെന്ന് ആണോ നിന്റെ വിചാരം..? എന്നാൽ അതങ്ങനെയല്ല.. നിന്റെ ഭാര്യയാവാൻ നിശ്ചയിച്ചിരുന്നവളുടെ ജാതകദോഷം കൊണ്ട് സംഭവിച്ചതാണ്.”
അവർ ദേഷ്യത്തോടെ അലറി.
” ആക്‌സിഡന്റ് ഉണ്ടായതിന് അവൾ എന്തു പി, ഴച്ചു? അവളുടെ ഭാഗത്ത് എന്തെങ്കിലും പ്രശ്നം ഉള്ളതുകൊണ്ടാണോ ആക്‌സിഡന്റ് ഉണ്ടായത്? അമ്മ ഈ പറയുന്നതിന് ഒക്കെ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ?”
അവൻ വിഷമത്തോടെ ചോദിച്ചു.
“അടിസ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ വിശ്വാസം അത് തന്നെയാണ്. നീ ഒരാളുടെ വാക്ക് കേട്ട് അത് തിരുത്തും എന്ന് നീ കരുതരുത്. പിന്നെ, നിന്റെ ഭാര്യ ആയി അവൾ തന്നെ വേണം എന്നാണെങ്കിൽ നിനക്ക് ഇന്ന് മുതൽ അമ്മയും ഇല്ല എന്ന് കരുതിക്കോളൂ..”
കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ അമ്മ എഴുന്നേറ്റു പോയി. അവൻ വിഷമത്തോടെ സോഫയിലേക്ക് ചാഞ്ഞു.
സൗമ്യ.. അവളോട് എന്ത് പറയും..? വിവാഹം ഉറപ്പിച്ച നാൾ മുതൽ പരസ്പരം അടുത്തറിഞ്ഞവർ ആണ്.. ഒരു ജീവിതം മുന്നിൽ ഉള്ളത് പ്രതീക്ഷിച്ചു ഒത്തിരി സ്വപ്‌നങ്ങൾ മെനഞ്ഞതാണ്. ഇനി.. ഒരിക്കലും അവയൊന്നും പൂവണിയില്ലെന്ന് അവളോട് എങ്ങനെ പറയും..?
ചിന്തിച്ചിരിക്കെ, അവന്റെ കണ്ണിൽ നിന്ന് നീർതുള്ളികൾ ഒഴുകി ഇറങ്ങി. പെട്ടെന്ന് അവന്റെ തോളിൽ ആരുടെയോ കരതലം അമർന്നത് അറിഞ്ഞു അവൻ തല ചെരിച്ചു നോക്കി. മുത്തശ്ശിയെ കണ്ട് അവൻ എഴുന്നേറ്റിരുന്നു.
“എന്താ.. എന്താ എന്റെ കുട്ടീടെ വിഷമം..?”
അവന്റെ അടുത്തേക്ക് ഇരുന്ന് കൊണ്ട് മുത്തശ്ശി ചോദിച്ചു.
അവൻ മുത്തശ്ശിയുടെ മടിയിലേക്ക് തല ചായ്ച്ചു.
“ഞാൻ എന്താ മുത്തശ്ശി ചെയ്യേണ്ടത്..? എന്നെ സ്നേഹിക്കുന്ന അവളെ ഞാൻ വേണ്ടെന്നു വയ്ക്കണോ..? ഞങ്ങളുടെ വിവാഹം കഴിഞ്ഞ ശേഷം ആയിരുന്നു അച്ഛൻ മരിച്ചതെങ്കിലോ..? അന്നും അതിന്റെ പഴി അവൾക്കു മേൽ തന്നെ വരുമായിരുന്നോ..?”
വിഷമത്തോടെ അവൻ തന്റെ മുത്തശ്ശിയുടെ ചോദിച്ചു. അവർക്കും അവന് എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയുന്നുണ്ടായിരുന്നില്ല.
” ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.. “
ഒരു ആമുഖത്തോടെ മുത്തശ്ശി പറഞ്ഞു തുടങ്ങി.
” നമ്മുടെ നാട് എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും ചില കാര്യങ്ങളൊക്കെ ഇന്നും പഴയ ചിന്താഗതികൾ തന്നെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ജാതകവും ജാതക ദോഷവും ഒക്കെ.. അന്ന് നിങ്ങളുടെ വിവാഹ ദിവസം നിന്റെ അച്ഛൻ മരിച്ചപ്പോൾ ഈ നാട്ടുകാർ മുഴുവനും പറഞ്ഞത് അവളുടെ ജാതകദോഷം കൊണ്ടാണെന്നാണ്. ഇപ്പോൾ നിന്റെ അമ്മയും അതു തന്നെയാണ് പറയുന്നത്. അത് ഒരുപക്ഷേ ഈ നാട്ടുകാർ ഒക്കെ പറയുന്നത് വിശ്വസിച്ച് ആയിരിക്കാം.. എന്തുതന്നെയായാലും അവളുടെ മനസ്സിൽ അടിയുറച്ച് ഇരിക്കുന്ന വിശ്വാസം സൗമ്യയുടെ ജാതക ദോഷം കൊണ്ടാണ് വേണു മരിച്ചതെന്നാണ്. അങ്ങനെയല്ല എന്ന് സമർത്ഥിക്കാൻ നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും അത് അവൾക്ക് നമ്മളോടുള്ള വാശി കൂട്ടുകയേ ഉള്ളൂ.. “
മുത്തശ്ശി പറഞ്ഞത് കേട്ട് അവൻ വിറങ്ങലിച്ചു പോയി.
” ഇനി എല്ലാവരെയും വെല്ലുവിളിച്ച് നീ അവളെ ഒപ്പം കൂട്ടാൻ തന്നെ തീരുമാനിച്ചു എന്ന് കരുതുക. നിങ്ങളുടെ വിവാഹം കഴിയുന്നതോടെ നിന്റെ അമ്മ നിന്നിൽ നിന്ന് അകന്നു പോകും. അവളെ സംബന്ധിച്ച് നീയും ശത്രുക്കളുടെ പട്ടികയിൽ ഇടം പിടിക്കും. പിന്നീട് ഒരു പക്ഷേ ഒരിക്കലും അവൾ നിന്നെ സ്നേഹിച്ചില്ല എന്ന് വരും. “
മുത്തശ്ശി പറയുന്നത് കേട്ട് അവൻ വിലങ്ങനെ തലയാട്ടി.
അവന് ഏറ്റവും ഇഷ്ടം അമ്മയോടാണ്. അമ്മയുടെ ഏത് ആഗ്രഹത്തിനും ഒപ്പം നിൽക്കുന്ന മകനാണ് ദിലീപ്. അങ്ങനെയുള്ള മകനിൽ നിന്ന് അമ്മ അകന്നു പോവുക എന്നു പറഞ്ഞാൽ അവനു സഹിക്കാവുന്നതിലും അപ്പുറമാണ്.
” നീ അത് എത്രയൊക്കെ അങ്ങനെ അല്ല എന്ന് പറഞ്ഞാലും അങ്ങനെ തന്നെ സംഭവിക്കും. ഇപ്പോൾ ഒരു വാശിക്ക് നീ സൗമ്യയെ ഒപ്പം കൂട്ടും. പിന്നീട് നിന്റെ അമ്മയും നിന്റെ ബന്ധുക്കളും നിന്നെ അകറ്റി നിർത്തുമ്പോൾ നിനക്ക് സൗമ്യയോട് ദേഷ്യവും വാശിയും ആയിരിക്കും. അവളെ അവളുടെ ബന്ധുക്കൾ കൂടി കൈ ഒഴിഞ്ഞാൽ, അവളുടെ ആകെയുള്ള ആശ്രയം നീ ആയിരിക്കും. ആ നീ അവളോട് ദേഷ്യവും വാശിയും തീർക്കാൻ ഇറങ്ങി പുറപ്പെട്ടാൽ അവൾ തളർന്നു പോകും. അവൾക്ക് ആരും ആശ്രയമില്ല എന്ന് തോന്നിയാൽ ഒരുപക്ഷേ അവൾ മരണം തിരഞ്ഞെടുക്കും. അങ്ങനെയൊരു പാതകത്തിന് നീ അവസരം കൊടുക്കരുത്. എല്ലാവരെയും വെല്ലുവിളിച്ച് അവളെ ജീവിതത്തിലേക്ക് കൂട്ടുന്നുണ്ടെങ്കിൽ ജീവിതാവസാനം വരെ അവളെ സംരക്ഷിക്കാമെന്ന് ഉറപ്പു വേണം.”
മുത്തശ്ശി പറഞ്ഞത് കേട്ട് അവൻ ദീർഘമായി നിശ്വസിച്ചു. ആ നേരം കൊണ്ട് അവന്റെ മനസ്സിൽ എന്തൊക്കെയോ തീരുമാനങ്ങൾ രൂപപ്പെട്ടിരുന്നു.
ദിവസങ്ങൾക്കപ്പുറം,സൗമ്യയെ കാത്ത് റെസ്റ്റോറന്റിൽ ഇരിക്കുമ്പോൾ അവന്റെ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു. പക്ഷെ, അവളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് തന്റെ തീരുമാനം എന്ന് അവൻ ഒരിക്കൽ കൂടി മനസ്സിൽ ഉറപ്പിച്ചു.
നിമിഷങ്ങൾക്കകം സൗമ്യ അവിടേക്ക് കടന്നു വരുമ്പോൾ അവളെ ആദ്യം കാണുന്നത് പോലെ അവൻ നോക്കിയിരുന്നു. അവൾ ഒരു പുഞ്ചിരിയോടെ അവന് അടുത്തു വന്നിരുന്നു.
” അച്ഛനെ കാണാൻ വരണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഞാൻ മരുമകളായി വന്ന് കയറേണ്ട വീട്ടിൽ ഒരു മരണത്തിനായി വരണ്ട എന്ന് എല്ലാവരും പറഞ്ഞു. അതുകൊണ്ടാണ് ഞാൻ വരാതിരുന്നത്. “
അവൾ ക്ഷമാപണത്തോടെ പറഞ്ഞു. ദിലീപ് തലകുലുക്കി സമ്മതിച്ചു.
” സൗമ്യ.. തന്നെ ഞാൻ കാണണമെന്ന് പറഞ്ഞത് ഗൗരവമുള്ള ഒരു കാര്യം സംസാരിക്കാനാണ്. “
തന്റെ മനസ്സിൽ അവളോടുള്ള സ്നേഹം ഒളിപ്പിച്ചു വെച്ചു കൊണ്ട് ദിലീപ് ഗൗരവത്തോടെ പറഞ്ഞു.
” എന്താ ദിലീപേട്ടാ..? “
ആശങ്കയോടെ അവൾ അന്വേഷിച്ചു.
” ഈ വിവാഹം നടക്കില്ല സൗമ്യ.. “
അവന്റെ ശബ്ദം ഇടറാതിരിക്കാൻ അവൻ പണിപ്പെട്ടു. അവൾ ആദ്യം കാണുന്നതു പോലെ അവനെ നോക്കി.
” അപ്പോൾ എല്ലാവരും പറഞ്ഞതുപോലെ അച്ഛൻ മരിച്ചത് എന്റെ ജാതക ദോഷം കൊണ്ടാണെന്ന് ദിലീപേട്ടനും കരുതുന്നുണ്ടല്ലേ?”
അവൾ വേദനയോടെ ചോദിച്ചു.
” എന്റെ വിശ്വാസവും വിശ്വാസമില്ലായ്മയും അല്ല പ്രശ്നം. എന്റെ ചുറ്റുമുള്ള എല്ലാവരും വിശ്വസിക്കുന്നുണ്ട്. നാളെ അത് നമ്മുടെ ജീവിതത്തിൽ തടസ്സമായി വരും. അതുകൊണ്ട് മാത്രമാണ് എന്റെ ഈ തീരുമാനം. “
അവൻ വേദനയോടെ പറയുമ്പോൾ കരയാതിരിക്കാൻ അവളും കഷ്ടപ്പെടുകയായിരുന്നു.
” ഇങ്ങനെ പിരിയാൻ വേണ്ടിയാണോ നമ്മൾ സ്നേഹിച്ചത്..? “
വേദനയോടെ അവൾ ചോദിച്ചു.
“സ്നേഹിക്കുന്നവർ ഒക്കെ ഒന്നിക്കണം എന്നില്ലല്ലോ.. നമുക്ക് ഒന്നിക്കാൻ വിധിയില്ല എന്ന് കരുതി സമാധാനിക്കാം…”
ഉള്ള് നീറുമ്പോഴും അവൻ പറഞ്ഞൊപ്പിച്ചു.
” എന്റെ ജാതകത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് വിവാഹത്തിനു വേണ്ടി സമയം കുറിക്കാൻ നേരത്ത് നമ്മൾ അറിയുമായിരുന്നു.. നമ്മുടെ ജാതകങ്ങൾ തമ്മിൽ ചേർക്കുന്നതിൽ പ്രശ്നമില്ല എന്ന് പറഞ്ഞതു കൊണ്ട് ആണല്ലോ നമ്മുടെ വിവാഹം നിശ്ചയിക്കപ്പെട്ടത്..? എന്നിട്ടും അത് മുടങ്ങി പോകുന്നു. അപ്പോൾ ജാതകത്തിൽ ഒന്നും ഒരു കാര്യവുമില്ല എന്ന് മനസ്സിലായില്ലേ..? “
അവൾ വേദനയോടെ ചോദിച്ചു.
“നമ്മൾ ഇനി വാശി പിടിച്ചാലും ഈ വിവാഹം നടത്താൻ ആരും സമ്മതിക്കില്ല. നമ്മൾ വാശിപിടിക്കുന്നത് അനുസരിച്ച് നമ്മുടെ ചുറ്റുമുള്ളവർ നമ്മളെ വെറുക്കും. ആ ഒരവസ്ഥ കൂടിയേ നമുക്കിനി വരാൻ ബാക്കിയുള്ളൂ.നമുക്കു മറക്കാം..ഇങ്ങനെ കുറച്ചു ദിവസങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്ന് സങ്കല്പിക്കാം.. “
അത്രയും പറഞ്ഞുകൊണ്ട് അവളുടെ മറുപടി കാത്തു നിൽക്കാതെ അവൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. അവൻ പോയ വഴിയെ നോക്കി നിശ്ചലയായി അവളും…!!