തങ്ങളുടേത് മാത്രമായ സ്വകാര്യ നിമിഷങ്ങളിലായിരുന്നു അയാൾ ഭാര്യയ്ക്ക് മുന്നിലേക്കാ ചോദ്യം എടുത്തിട്ടത്..

അടരുവാൻ വയ്യാ.

ശാലിനി മുരളി —“”വീണ്ടും തന്റെ കാമുകനെ കണ്ടു മുട്ടിയാൽ തനിക്കാ പഴയ സ്നേഹം തോന്നുമോ “



തങ്ങളുടേത് മാത്രമായ സ്വകാര്യ നിമിഷങ്ങളിലായിരുന്നു അയാൾ ഭാര്യയ്ക്ക് മുന്നിലേക്കാ ചോദ്യം എടുത്തിട്ടത്. തന്റെ ഏത് മറുപടിയായിരിക്കും അയാളെ തൃപ്തനാക്കുക. പരസ്പരം മത്സരിച്ചു സ്നേഹിക്കുന്നതിനിടയിൽ എപ്പോഴോ
ആണ്‌ ഭർത്താവിന് മുന്നിൽ അറിയാതെ
മനസ്സ് തുറന്നത്.


നിഷ്കളങ്കമായി തന്നെ സ്നേഹിച്ച സഹപാഠിയെ കുറിച്ച് പറയുമ്പോൾ കുറ്റബോധമോ ഭയമോ ഒന്നും തോന്നിയില്ല.
സ്നേഹം അതൊരു തെറ്റാണോ.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുടെയും താക്കീതുകളോ അനുവാദമോ ആവശ്യമില്ല. പരിധികൾ മറന്നുള്ള ബന്ധങ്ങളിൽ ഒരിക്കലും താല്പര്യവും ഉണ്ടായിരുന്നില്ല.



എല്ലാം തുറന്നു പറഞ്ഞപ്പോൾ മനസ്സിൽ അവശേഷിച്ചിരുന്ന ഭാരം മുഴുവൻ ഊർന്നു പോയപോലെ.. സൗഹൃദം മെല്ലെയിരിഷ്ടത്തിലേക്ക് വഴുതി വീണത് അവധിക്കാലത്തെ കത്തുകളിലൂടെയായിരുന്നു !!തന്റെ അക്ഷരങ്ങളുടെ ഒതുക്കവും ചാരുതയും കത്തിലൂടെ ആ മനസ്സിൽ ഇടം നേടിയത്രെ.


ഹിന്ദി ക്ലാസുകൾ ഒഴിവാക്കി സാഹിത്യകാരൻ കൂടിയായ സുധാകരൻ മാഷിന്റെ ക്ലാസ്സുകളിൽ ലയിച്ചിരിക്കുമ്പോഴും,എല്ലാവരുമൊത്തു പഴയ മെലഡികൾ മൂളുമ്പോഴും മുളച്ചു വരുന്ന അനുരാഗം അറിഞ്ഞതുമില്ല, ശ്രദ്ദിച്ചതുമില്ല !!പൂമരച്ചോട്ടിലും ഐസ്ക്രീം പാർലറുകളിലും, സിനിമ തിയേറ്ററുകളിലുമൊന്നും അലഞ്ഞു തിരിയാത്ത നല്ലൊരു സൗഹൃദം !



എങ്കിലും കാണാതിരിക്കുന്ന ദിവസങ്ങളിൽ മൂകമായിപ്പോകുന്ന മനസ്സിന് വല്ലാത്തൊരു അടക്കമില്ലായ്മ !വീട്ടുകാരെ വെറുപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതത്തിന് ഇരുവർക്കും താൽപ്പര്യം ഉണ്ടായിരുന്നില്ല.. കുറെ നാളുകൾക്ക് ശേഷം അറിഞ്ഞു, ആൾ വിവാഹിതനായെന്നും ഒരു കുട്ടിയുണ്ടെന്നുമൊക്കെ. അപ്പോഴേക്കും താൻ ജോലിയുടെ വിരസമായ തിക്കിലും തിരക്കിലും പെട്ടിരുന്നു. പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ് ജീവിതത്തിലേക്ക് ഒരു കൂട്ട് വന്നു ചേർന്നത്.
അതാകട്ടെ ഒരവാർഡ് സിനിമ പോലെ മൂകവും ചലനമില്ലാത്തതും !!



പക്ഷേ ക്ഷമയോടെ കാത്തിരുന്നു.
ഉണങ്ങി വരണ്ട ചില്ലകൾ മെല്ലെ മെല്ലെ തളിർക്കുകയും പൂത്തു പൂവിടുകയും ചെയ്തു തുടങ്ങിയപ്പോൾ മനസ്സ് തന്നോട് തന്നെ മന്ത്രിച്ചു. കാത്തിരിപ്പുകളൊന്നും വൃഥാവിലായില്ലല്ലോയെന്ന്.
അതുകൊണ്ട് തന്നെയല്ലേ അറിയാതെ മനസ്സ് മുഴുവൻ തുറക്കപ്പെട്ടു പോകുന്നതും !



“തനിക്കെന്താ ഒരു മറുപടി പറയാൻ ഇത്ര താമസം.. അല്ലെങ്കിലും എനിക്കറിയാം ആദ്യമായി സ്നേഹിച്ച പുരുഷനെ മറക്കാൻ ഒരു പെണ്ണിനും ആവില്ലെന്ന്.. “ഇതാണ് പുരുഷന്മാരുടെയെല്ലാം സ്വഭാവം !!
ഒരു മറയും ഇല്ലാതെ എല്ലാം തുറന്നു പറഞ്ഞാൽ പിന്നെ സംശയത്തിന്റെ മുളകൾ പൊട്ടാൻ തുടങ്ങും. ഒന്നുമില്ലെന്ന് പറഞ്ഞാലോ നിന്നെപ്പോലൊരു പെണ്ണിനെ ആരെങ്കിലും സ്നേഹിക്കാതിരിക്കുമോ എന്നാവും !


പക്ഷേ ഇവരറിയുന്നുണ്ടോ കഴുത്തിൽ മിന്നു ചാർത്തിയ പുരുഷന്റെ സ്‌നേഹപൂർവമായ പെരുമാറ്റങ്ങളും, സംരക്ഷണങ്ങളും മാത്രം മതി തന്റെ ജീവിതം മുഴുവൻ ആ കാൽച്ചുവട്ടിൽ വിട്ടുകൊടുക്കാനുള്ള ഒരു പെണ്ണിന്റെ മനസ്സ്.. ഒരു വസന്തം മുഴുവൻ മുന്നിലുള്ളപ്പോൾ എന്തിന് വെറുതെ കൊഴിഞ്ഞു വീണ വാടിയ പൂവുകൾ പെറുക്കിയെടുക്കണം !!മാഞ്ഞു പോയത് ഒരു പകൽക്കിനാവായി തന്റെ ഉള്ളിൽത്തന്നെ കിടന്നോട്ടെ… .



അപ്പോഴും മറുപടിയ്ക്കായി കാത്തിരിക്കുന്ന ആളിനെ ഒരു ചെറു പുഞ്ചിരിയോടെ മെല്ലെ തള്ളിമാറ്റി എഴുന്നേൽക്കുമ്പോൾ ചുണ്ടിലൊരു കവിത വല്ലാതെ വീർപ്പു മുട്ടി പുറത്തെ കാറ്റിലേക്കൊഴുകിപ്പോയി..



അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും….