ഒരു ദിവ്യസ്പർശം തന്റെ തലയ്ക്കു മുകളിൽ ഒരനുഭൂതി പോലെ അവൾക്ക് അനുഭവപ്പെട്ടു

കരിനാക്കി

(രചന: ശാലിനി മുരളി) അന്നും വഴക്കിനൊടുവിൽ അയാൾ ആവനാഴിയിലെ അവസാന അമ്പ് അവളുടെ നേർക്കെയ്തു. അതോടെ അവളുടെ നാവ് നിശ്ചലമാകുമെന്ന് അയാൾക്കുറപ്പ് ഉണ്ടായിരുന്നു.. പൂരമൊഴിഞ്ഞ അമ്പലപ്പറമ്പ് പോലെ നിശബ്ദമായ മുറിയിൽ നിന്ന് അയാൾ തിരക്കിട്ട് എങ്ങോട്ടോ ഇറങ്ങിപ്പോയി..


“കരിനാക്കി “

ആ വിളിയിലാണ് അവളുടെ സകല ശക്തിയും ചോർന്നുപോയിരുന്നത് !ഓർമയുള്ള നാളുകളിലൊന്നും അവളുടെ നാക്കിനു കറുപ്പ് നിറം തീരെ ഉണ്ടായിരുന്നില്ല.. പിന്നീടെപ്പോഴോ നേരിയ നീലിച്ച ബിന്ദുക്കൾ നാക്കിലവിടവിടെയായി പ്രത്യക്ഷപ്പെട്ടു തുടങ്ങി..


കൂട്ടുകാർ കളിയാക്കി വിളിക്കുന്ന പേരിലൊന്നായി അതുമാറുമ്പോൾ ആരോടും സംസാരിക്കാൻ കൂടി ഇഷ്ടപ്പെടാതെ എല്ലാവരിൽനിന്നും ഒഴിഞ്ഞു മാറി നടന്നു !മനസ്സ് തുറന്നുള്ള കളിചിരികൾക്കിടയിലായിരിക്കും നീ നിന്റെ നാക്കെടുത്തു ഒന്നും പറയല്ലേ എന്ന മുന്നറിയിപ്പ് ഉണ്ടാകുന്നത്.. അതോടെ അവൾ നിശബ്ദമാകും…


വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളിലും പ്രണയം തലയ്ക്കു പിടിക്കുന്ന കമിതാക്കളെ പ്പോലെ തന്നെ, പരസ്പരമുള്ള കുറ്റങ്ങളും കുറവുകളുമൊന്നും ശ്രെദ്ദിക്കപ്പെടാതെ പോകുമല്ലോ.. പിന്നീട് വരണമാല്യം ഉണങ്ങിത്തുടങ്ങുമ്പോഴേക്കും അപസ്വരങ്ങൾ ചെറിയൊരു കാറ്റിലൂടെ വീട്ടിനുള്ളിലൂടെ കയറിയിറങ്ങി മുറികളിലാകമാനം തിരഞ്ഞ് മെല്ലെ മെല്ലെ മണിയറയിലേയ്ക്കും എത്തിനോക്കാൻ തുടങ്ങും..


പിന്നെ അതൊരു ചുഴലിക്കാറ്റ് ആയി മധുവും വിധുവുമെല്ലാം ചുഴറ്റിയെറിഞ്ഞു സംഹാര താണ്ഡവം ആടുന്നു !ഇവിടെയും അത്തരമൊരു ചുഴലിക്കാറ്റ് ഇടയ്ക്കിടെ എത്തിനോക്കാൻ തുടങ്ങിയിരുന്നു..
പലപ്പോഴും അത് അവളുടെ മുനയൊടിക്കുന്ന അയാളുടെ ആ പരാമർശങ്ങളിൽ കെട്ടടങ്ങി ശാന്തമാവുകയും ചെയ്തു പോന്നു..


കാൽമുട്ടിലേയ്ക്ക് മുഖം അമർത്തി അവൾ കണ്ണുകളടച്ചിരുന്നു.. ഒരാളിന്റെ കുറവുകളോ, അസുഖങ്ങളോ.. വൈകല്യങ്ങളോ അവരുടെ മാത്രം കുറ്റങ്ങളിൽ പെടുന്നതാണോ.. ഇങ്ങോട്ട് തീതുപ്പുന്ന വെടിയുണ്ടകൾ പോലെ വരുന്ന വാക്ക്ശരങ്ങൾക്കു മറുപടി പറയാൻ പോലും ഇന്നവൾക്ക് വല്ലാത്ത പേടിയാണ്..



“കരിനാക്കും വെച്ച് ഒന്നും ഇങ്ങോട്ട് എഴുന്നള്ളിക്കണ്ട “അക്ഷരങ്ങൾ കൂട്ടി പറയാൻ പഠിച്ചുതുടങ്ങിയ കുഞ്ഞ് മക്കൾ പോലും അമ്മയെ നിന്ദിക്കാൻ ആരംഭിച്ചു !
“ഈ അമ്മയ്‌ക്കൊന്ന്മിണ്ടാതിരുന്നാലെന്താ..
കരിനാക്കും കൊണ്ട് ഓരോന്നു പറഞ്ഞോളും “നെഞ്ചു തുളയ്ക്കുന്ന വാക്കുകളിൽ അവൾ പലതവണ മരിച്ചു വീണു.. ആരുമില്ലാത്ത നേരങ്ങളിൽ വലിയ കണ്ണാടിക്കു മുന്നിൽ നാക്ക് പുറത്തേക്കിട്ടു അവൾ ഏറെനേരം പരിശോധിക്കും.ഇല്ല ഒട്ടും കുറഞ്ഞിട്ടില്ല.. ഞാൻ എന്ത് ചെയ്യാനാണ് ദൈവമേ..



മകനോടുള്ള ശാസനയിലാണ് ഇന്ന് നിരപരാധി ആയ അവളെ ഒരു കാര്യവുമില്ലാതെ അയാൾ മുറിവേൽപ്പിച്ചത് !
അപമാനിക്കപ്പെട്ട ജന്മത്തെ ഇനിയയുമൊരാളുടെ കാൽക്കൽ അടിയറവ് വെയ്ക്കണോ.. ചിന്തകൾ കൊണ്ട് വീർപ്പു മുട്ടിയപ്പോൾ പുറത്തെ തെളിഞ്ഞ കാറ്റിലെയ്ക്കൊന്നു ഇറങ്ങണമെന്നു തോന്നി.. പെട്ടന്ന് ഒരുങ്ങിയിറങ്ങി.. കൈ കാട്ടിയപ്പോൾ നിർത്താതെ പോയ ഓട്ടോക്കാരനോട്‌ പോലും വല്ലാത്ത നീരസം തോന്നി.. വെയിൽ മങ്ങിയിരുന്നു.. പതിയെ നടക്കുമ്പോൾ എങ്ങോട്ടെന്ന ഒരു രൂപവും ഉണ്ടായിരുന്നില്ല..



എല്ലായിടത്തും മുഖം മിനുക്കുന്ന പാർലറുകൾ മാത്രം !മറയ്ക്കാൻ പറ്റുന്ന വൈരൂപ്യം അത് മാത്രമാണല്ലോ.. വെയിലിനു കട്ടി കൂടുകയും കുറയുകയും ചെയ്തു കൊണ്ടിരുന്നു.. ഉള്ളിലെ തിളയ്ക്കുന്ന ചിന്തകളിൽ പെട്ട് വെന്തുരുകിയതിനാൽ ഒന്നിനെക്കുറിച്ചും അവൾക്ക് ബോധമുണ്ടായിരുന്നില്ല.. ഒടുവിലെപ്പോഴോ ഏറെ വൈകി തിരിച്ചെത്തുമ്പോൾ വീട് മുഴുവനും പ്രകാശപൂർണമായിക്കഴിഞ്ഞിരുന്നു.


ഉറക്കെ പാഠഭാഗങ്ങൾ വായിക്കുന്ന മക്കൾ ഒരത്ഭുതം കണ്ടതുപോലെ അവളെ എത്തിനോക്കുന്നത് കണ്ടു.
ആള്ഇനിയുംഎത്തിയിട്ടില്ലെന്ന്തോന്നി..കുളിച്ചിറങ്ങുമ്പോൾ മനസ്സിലെ കാലുഷ്യങ്ങളെല്ലാം ഒഴുകിപ്പോയി..
പൂജാമുറിയിലെ മുനിഞ്ഞു കത്തുന്ന തിരിനാളത്തിനു മുന്നിൽ അമൂല്യങ്ങളായ കുറച്ചു പുസ്തകങ്ങൾ അവൾ നെഞ്ചോട് ചേർത്തു പിടിച്ച് ഇരുന്നു.. ഒരു ദിവ്യസ്പർശം തന്റെ തലയ്ക്കു മുകളിൽ ഒരനുഭൂതി പോലെ അവൾക്കനുഭവപ്പെട്ടു !


നിന്റെ കുറവുകളിൽ അല്ല നീ വേദനിക്കേണ്ടത്.. നിനക്ക് കിട്ടിയ സൗഭാഗ്യങ്ങളിലേക്ക് നീയൊന്ന് തിരിഞ്ഞു നോക്കൂ.. അങ്ങനെ ആണ് നീ സന്തോഷിക്കേണ്ടത്.. മനസ്സിലിരുന്ന് ആരോ പറയുമ്പോലെ.. അന്ന് പകൽ മുഴുവനും അലഞ്ഞു തിരിഞ്ഞ് ഒടുവിൽ അവൾ എത്തിച്ചേർന്നത് ഒരു മതപ്രഭാക്ഷണം നടക്കുന്ന വേദിയിലായിരുന്നു . തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിലേക്ക് ഒരു കൊച്ചുകുട്ടിയുടെ ചാട്ടുളി പോലുള്ള വാക്കുകൾ അവളുടെ അന്തരംഗങ്ങളെ മാറ്റിമറിച്ചുകളഞ്ഞു..



പ്രായം എത്രയോ കുറവാണ്.. പക്ഷേ ആ കുഞ്ഞ് നാവിൽ നിന്നുതിരുന്ന തേൻ തുള്ളികൾ അവളുടെ നാവിന്റെ കറുപ്പ് രാശിയെ നേർപ്പിച്ചു നേർപ്പിച്ച് വെണ്മയുള്ളതാക്കി മാറ്റി !തലയ്ക്കുള്ളിലുണ്ടായിരുന്ന ഇരുട്ട് ഇത്രയും നാൾ അവളെ അപകർഷതയുടെ വലിയൊരു ഗർത്തത്തിൽ കുഴിച്ചു മൂടിയിട്ടിരിക്കുകയിരുന്നല്ലോ… പലരും അവഹേളിച്ചിട്ടിരുന്ന അവളുടെ ആ നാവിൽ മന്ത്രജപങ്ങളുടെ ശംഖൊലി ഒരു താളമായി പുറത്തേയ്ക്ക് ഒഴുകിയിറങ്ങുമ്പോൾ കുട്ടികളും വൈകിയെത്തിയ ഭർത്താവും വെളിയിൽ അവൾക്കു വേണ്ടി കാത്തുനിൽപ്പുണ്ടായിരുന്നു !!