അയാളുടെ മുഖത്തെ ദയനീയഭാവം കണ്ടു മാനേജർ ചെയ്യുന്ന ജോലി നിർത്തിവച്ച് അയാളെ നോക്കി എന്തോ ചെറുപ്പത്തിൽ മരിച്ച അച്ഛനെയാണ് അപ്പോൾ അയാൾക്ക് ഓർമ്മ വന്നത്……

എഴുത്ത്:- അപർണ

“”മ്മ്?? എന്ത് വേണം??””

എന്ന് വൃദ്ധസദനത്തിന്റെ മാനേജർ ചോദിച്ചപ്പോൾ ആ വൃദ്ധൻ അയാളുടെ അരികിലേക്ക് നടന്നു ചെന്നു..

കറുത്ത ചട്ടയുള്ള ചെറിയ ഒരുപോക്കറ്റ് ഡയറി മാനേജർക്ക് നേരെ നീട്ടി..

“” ഇതിൽ അധികം എന്നെഴുതിയതിന് താഴെ ഒരു നമ്പർ ഉണ്ട് കുഞ്ഞേ ഒന്ന് വിളിച്ചു തരാമോ എന്റെ മകനാണ് ഒന്ന് സംസാരിക്കാനാണ്!”‘ പ്രതീക്ഷ യോടെ തന്നെ നോക്കുന്ന ആ ചുളിഞ്ഞ മിഴികൾ കണ്ടപ്പോൾ അയാൾക്ക് പറ്റില്ല എന്ന് പറയാൻ തോന്നിയില്ല മൊബൈൽ എടുത്ത് അതിൽ കണ്ട നമ്പറിലേക്ക് ഡയൽ ചെയ്തു. റിങ്ങ് പോകുന്നുണ്ട്..

അത് ലൗഡ് സ്പീക്കറിൽ ഇട്ട് ആ വൃദ്ധന് നേരെ നീട്ടി… രണ്ടുമൂന്നു തവണ ബെല്ലടിച്ചിട്ടാണ് അപ്പുറത്ത് നിന്ന് കോൾ കണക്ട് ആയത്..

“” അജി അച്ഛനാടാ വൃദ്ധസദനത്തിന്നാ!! നിന്റെ അമ്മയ്ക്ക് ഒട്ടും വയ്യടാ!! ഇന്നലെയും കൂടി പറഞ്ഞു അജിയെ സ്വപ്നം കണ്ടു എന്ന് നിനക്ക് പറ്റുമെങ്കിൽ ഇത്രേടം വരെ ഒന്ന് വാ!,

അയാളുടെ മുഖത്തെ ദയനീയഭാവം കണ്ടു മാനേജർ ചെയ്യുന്ന ജോലി നിർത്തിവച്ച് അയാളെ നോക്കി എന്തോ ചെറുപ്പത്തിൽ മരിച്ച അച്ഛനെയാണ് അപ്പോൾ അയാൾക്ക് ഓർമ്മ വന്നത്..

“”” നിങ്ങൾക്ക് എന്താ കിളവ പറഞ്ഞാൽ മനസ്സിലാവില്ലേ?? നിങ്ങൾ വിളിക്കുമ്പോൾ വരാൻ ഞാൻ ഇവിടെ ചുമ്മാ ഇരിക്കുകയൊന്നും അല്ല!! ഇഷ്ടം പോലെ പേഷ്യൻസ് ഉണ്ട് പോരാത്തതിന് എന്റെ മോന്റെ എക്സാം തുടങ്ങുവാണ്!
അതുകൊണ്ട് കൺസൾട്ടിംഗ് ടൈം എല്ലാം വ്യത്യാസപ്പെടുത്തി, അവന് പഠിക്കാൻ ടൈം ഒരുക്കി കൊടുക്കുകയാണ്!! അതുതന്നെ മനുഷ്യനിവിടെ നേരത്തിന് ചെയ്യാൻ കഴിയുന്നില്ല അപ്പോഴാണ് ഇനി അങ്ങോട്ട്!!!”‘” അത്രയും പറഞ്ഞ് ഫോൺ ഡിസ്കണക്ട് ആകുന്നത് അറിഞ്ഞു..

ആ വൃദ്ധന്റെ മിഴിയിൽ രണ്ടു തുള്ളി കണ്ണുനീർ ഉരുണ്ടുകൂടിയിരുന്നു അത് ചുളിഞ്ഞ ആ കവിൾത്തടത്തിലൂടെ നിലത്തേക്ക് വീണു..

ഫോൺ എന്റെ നേരെ നീട്ടി ഒന്ന് ചിരിക്കാൻ ശ്രമിച്ചു പക്ഷേ അത് പരാജയപ്പെട്ടു പോയി..

അയാൾ അവിടെ നിന്ന് എഴുന്നേറ്റപ്പോൾ നിയന്ത്രണം കിട്ടാതെ വീഴാൻ പോയി മാനേജർ അയാളെ താങ്ങി പിടിച്ചു…

അയാളുടെ മുറി വരെ കൊണ്ടുപോകാൻ സഹായിച്ചത് മാനേജർ ആയിരുന്നു അവിടെ ചെന്നതും ഒരു വൃദ്ധ പ്രതീക്ഷയോടെ വാതിക്കലേക്ക് നോക്കി കിടക്കുന്നത് അയാൾ കണ്ടു..

“” എന്തായി മാഷേ?? അജി അവൻ വരുമൊ?? ഞാൻ സ്വപ്നം കണ്ടു എന്ന് പറഞ്ഞില്ലേ?? അവൻ വരും എനിക്ക് അറിയാം പണ്ട് എന്റെ അരികിൽ നിന്ന് മാറാത്ത കുട്ടിയായിരുന്നു!! പാവം അല്ലെ മാഷേ ഒട്ടും നമ്മളെ നോക്കാൻ സമയം കിട്ടാത്തതുകൊണ്ട അവൻ ഇവിടെ കൊണ്ടുവന്ന ആക്കിയത്… ഇവിടെയാകുമ്പോൾ നേരത്തിന് മരുന്ന് എടുത്തു തരാൻ ഒക്കെ ആളുകൾ ഉണ്ടല്ലോ!!””

വാതോരാതെ ആ അമ്മ തന്റെ മകനെ കുറിച്ച് പറയുന്നത് കേട്ട് മാനേജരുടെ ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ വല്ലാത്തൊരു നോവ് പടരുന്നത് അയാൾ അറിഞ്ഞു..

“”‘ ഞാൻ വിളിച്ചിട്ട് കിട്ടിയില്ല ടീച്ചറേ!! മാനേജർ സാറിനോട് പറഞ്ഞ ഏൽപ്പിച്ചിട്ടുണ്ട് അദ്ദേഹം വീണ്ടും വിളിച്ചു കിട്ടുമ്പോൾ പറഞ്ഞോളും!!”

എന്നയാൾ പറഞ്ഞതും ആ വൃദ്ധയുടെ കണ്ണിൽ തെളിഞ്ഞ രണ്ട് കുഞ്ഞു നക്ഷത്രങ്ങൾ മങ്ങിപ്പോയിരുന്നു അത് കണ്ടപ്പോൾ ഇതുവരെ കാണാത്ത ആ അജി എന്ന മകനോട് മാനേജർക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി… !”‘

വേഗം അവിടെ നിന്നിറങ്ങി അമ്മയെ ഒന്ന് വിളിച്ചു.. പനിയായി കിടക്കുന്നത് കണ്ടിട്ട് പോന്നതാണ് ഇവിടെ ലീവ് കിട്ടാത്തത് കൊണ്ട്..

“” എനിക്കൊരു കുഴപ്പവുമില്ല എന്റെ കണ്ണ നീ ഇങ്ങനെ പേടിക്കാതെ!”” എന്ന് പറഞ്ഞപ്പോൾ ചിരിയോടെ ഫോൺ കട്ട് ചെയ്തു.. ഇതുപോലെ ഒരു കോള് ഈ അച്ഛനും അമ്മയും എത്രനാൾ ആയി പ്രതീക്ഷിക്കുന്നുണ്ടാവും.

ചിന്തിച്ചപ്പോൾ തന്നെ ശ്വാസം മുട്ടുന്നത് പോലെ തോന്നി..

ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ അവരുടെ അരികിൽ പോയിരിക്കും എന്നെ കാണുമ്പോൾ ആ രണ്ടു മുഖങ്ങളും വിടരുന്നത് കാണാം അത് കാണുമ്പോൾ വല്ലാത്തൊരു സമാധാനമാണ്.

അങ്ങനെയിരുന്ന് സംസാരിക്കുന്നതിനിടയിലാണ് ഞാൻ ഏറെ കാണാൻ ആഗ്രഹിക്കുന്ന ശ്രീറാം എന്ന തൂലികാനാമത്തിൽ പുസ്തകങ്ങൾ എഴുതുന്ന വലിയ ഒരു എഴുത്തുകാരനാണ് ആ മാഷ് എന്ന് മനസ്സിലാകുന്നത്..

ഇത്രയും വലിയൊരു മനുഷ്യനെ അവിടെ പെയ്ഡ് വൃദ്ധസദനത്തിൽ കൊണ്ട് തള്ളിയിട്ടു പോയ ആ മകനോട് സഹതാപം മാത്രമായിരുന്നു അപ്പോൾ തോന്നിയത്.

അവരുമായി കൂടുതൽ അടുത്തു ആകാശത്തിന്റെ താഴെ ഞങ്ങൾ ചർച്ച ചെയ്യാത്ത ഒരു കാര്യവും ഇല്ലാതെയായി നേരിട്ട് കണ്ടിട്ടില്ലെങ്കിലും അമ്മയും അവർക്ക് പ്രിയപ്പെട്ടവൾ ആയി.. അമ്മയ്ക്ക് അവരും.

ഒരിക്കൽ മാഷ് എന്റെ പുറകെ വന്ന് എന്നോട് പറഞ്ഞു ഇപ്പോൾ ടീച്ചർ മകനെപ്പറ്റി അന്വേഷിക്കാറേ ഇല്ല താൻ കാരണമാണ്.. ഒരുപാട് സമാധാനം ഉണ്ട് അതുകൊണ്ട് കാരണം മകനെ അന്വേഷിക്കുമ്പോഴൊന്നും മാഷിന് ടീച്ചർക്ക് കൊടുക്കാൻ മറുപടിയില്ല ത്രെ..

അത് കേട്ടപ്പോൾ ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥ ഓർത്ത് എനിക്ക് വല്ലാത്ത സങ്കടം തോന്നി..

അടുത്ത ദിവസങ്ങളിൽ ഞാൻ അവരെയും കൂട്ടി അവിടെ അടുത്തുള്ള സ്ഥലങ്ങളിൽ എല്ലാം ഒന്ന് കറങ്ങി.

അവിടുത്തെ നിയമങ്ങളിൽ അനുവദിക്കുന്ന ഒരു കാര്യമായിരുന്നു അത്.

ടീച്ചർക്ക് ഇഷ്ടമുള്ള പഞ്ഞി മിട്ടായിയും മാഷിന് കടലമിട്ടായിയും എല്ലാം വാങ്ങിക്കൊടുത്തു ആ മുഖത്തെ നിഷ്കളങ്കമായ ചിരി കണ്ട് മനസ്സുനിറച്ചു.

ഒടുവിൽ അവിടെയെത്തി റൂമിലേക്ക് പോകാൻ നേരം ടീച്ചർ എന്നെ കെട്ടിപ്പിടിച്ച് നെറുകിൽ ചുംബ നം തന്നു

“” നിന്നെയായിരുന്നെങ്കിലോ ഞാൻ പ്രസവിച്ചത് എന്ന് ഇപ്പോൾ ഞാൻ കൊതിക്കുകയാണ്!” എന്ന് പറഞ്ഞു അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒപ്പം മാഷിന്റെയും.

അടുത്തദിവസം ആ അമ്മ എണീറ്റില്ല മാഷ് ഒരുപാട് തവണ വിളിച്ചിട്ടും എണീറ്റില്ല ഒടുവിൽ എന്നോട് വന്ന് വിളിച്ചു നോക്കാൻ പറഞ്ഞു നീ വിളിച്ചാൽ എഴുന്നേൽക്കും എന്ന്!!

നിസ്സഹായനായി കരഞ്ഞുകൊണ്ട് നിൽക്കുകയല്ലാതെ എനിക്ക് മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു..

ഒടുവിൽ അമ്മ മരിച്ചു എന്നറിഞ്ഞപ്പോൾ അയാൾ എത്തി… പക്ഷേ ചിതക്കു തീക്കൊളുത്താൻ നേരം മാഷ് എന്നോട് അത് ചെയ്യാൻ പറഞ്ഞു..

“” ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മം കൊണ്ട് അവൾക്ക് നീ മകനായിരുന്നു അവസാനകാലത്ത് അവൾ ചിരിച്ച് ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് നീ ഒരാൾ കാരണമായിരുന്നു അപ്പോ ഇതിനു നീ തന്നെയാണ് അർഹൻ നീ അല്ലാതെ മറ്റ് ആര് ചെയ്താലും അവൾക്ക് ശാന്തി കിട്ടില്ല!”

എന്ന് മാഷ് പറഞ്ഞപ്പോൾ ഞാൻ ആ ചടങ്ങ് ചെയ്യാൻ തയ്യാറായി… അത്രയും ലാഭം എന്ന് കരുതി അവിടെ നിൽക്കുന്ന മകനെ നോക്കി ഞാൻ സഹതാപത്തോടെ ഒന്ന് ചിരിച്ചു..

കാരണം എത്ര നുണഞ്ഞാലും മതിവരാത്ത വാൽസല്യമാണ് അയാൾ നഷ്ടപ്പെടുത്തുന്നത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വാത്സല്യം.