ദൈവമേ എന്റെ മോളെയും നീ കൊണ്ട് പോകുമോ.. ഒന്നും…ചെയ്യാൻ കഴിയാത്ത നിസ്സഹായനായ മനുഷ്യന്റെ അവസ്ഥയിൽ ഞാൻ ആ തറയിലേക്ക് മുട്ട് കുത്തി ഇരുന്നു…

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഞാൻ നോക്കിക്കോട്ടെ ശ്രീക്കുട്ടിയെ …

എന്റെ മോളായി …

എന്റെ പ്രാണനായി…

അവൾക്കൊരു അമ്മയായി…”

വീട്ടിൽ നിന്നും നാല് വയസുകാരി ശ്രീക്കുട്ടിയെ തിരികെ കൊണ്ട് പോവാനായി അവളുടെ അച്ഛൻ സേതു വരുന്നത് കണ്ട് എനിക്കൊരു വെപ്രാളമായിരുന്നു…

ഇന്നൊരു രാത്രി കഴിഞ്ഞു നേരം പുലർന്നാൽ അവർ അച്ചനും മോളും ഈ നാട് വിട്ടു പോകും… പുതിയ ജോലി സ്ഥലത്തേക്ക്…

അന്നവസാനമായി ഇനി ശ്രീകുട്ടിയെ കാണുമോ എന്നറിയാതെ കൂടെ കൂട്ടി കൊണ്ട് വന്നതായിരുന്നു ഞാൻ എന്റെ വീട്ടിലേക്…

അവളുടെ കളിയും ചിരിയും കുസൃതികളും എന്നെ അത്രമേൽ അവളിലേക്കു മാത്രം ഒതുക്കുവാനായി തുടങ്ങിയിരുന്നു..

എന്റെ ജോലി പോലും ഉപേക്ഷിക്കാൻ മാത്രം…

ഞാൻ സനൂജ…എല്ലാവരും ഇഷ്ടത്തോടെ സനൂ എന്ന് വിളിക്കും…

വീട്ടിൽ അച്ഛനും അമ്മയും ഒരനിയനും.. അനിയൻ ദുബായിലാണ്…

************

ഒരു നിമിഷം അവളുടെ വാക്കുകൾ കേട്ടു എന്ത് പറയണമെന്നറിയാതെ സേതു നിശ്ചലനായി നിന്നുപോയി …

“ഞാൻ നോക്കിക്കോട്ടെ ശ്രീക്കുട്ടിയെ…”

“എന്റെ മോളെയാണ് അവൾ ചോദിക്കുന്നത്.. അത്രക്ക് ഇഷ്ട്ടമായിട്ട് തന്നെ ആയിരിക്കുമോ…? അവളുടെ ചോദ്യം…

അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശിച്ചിട്ടോ…”

അതിനുള്ള ഉത്തരവും അവൾ തന്നു ഞാൻ ചോദിക്കാതെ തന്നെ…

“ഇഷ്ട്ടമുണ്ടായിട്ട് തന്നെ യാണ്…അത് നിങ്ങളോടുള്ള ഇഷ്ടമൊന്നുമല്ല..

അമ്മയില്ലാത്ത എന്റെ മോളോടുള്ള ഇഷ്ടം..

അവളുടെ അമ്മയായ എന്റെ മഞ്ജു വിനോടുള്ള ഇഷ്ടം…

എന്റെ കൂട്ടുകാരിയോടുള്ള ഇഷ്ടം…

നിങ്ങൾ ആലോചിച്ചിട്ട് പറഞ്ഞാൽ മതി…”

അവൾ അതും പറഞ്ഞു പ്രതീക്ഷയോടെ എന്നെ നോക്കി…

അവൾ ആ വാക്കുകൾ എല്ലാം പറയുമ്പോയും… അവളുടെ അച്ഛനും അമ്മയും പുറത്തു തന്നെ നിൽപ്പൂണ്ടായിരുന്നു..

മോളെ കൂടെ അവരും ഉണ്ടെന്ന പോലെ…അവർക്കും ഇങ്ങനെ ഒരു ആവശ്യം പറയാതെ പറയുന്നത് പോലെ..”

ആ വീട്ടിലുള്ള എല്ലാവർക്കും അവളെ അത്രമേൽ ഇഷ്ട്ടവുമായിരുന്നു…

ഞാൻ മറുപടി യൊന്നും കൊടുക്കാതെ അവിടെ നിന്നും മോളെയും കൊണ്ടിറങ്ങി…

നടന്നു തുടങ്ങി… നാലഞ്ചു വീട് മാത്രം അകലെ യുള്ള എന്റെയും ശ്രീക്കുട്ടിയുടെയും സ്വാർഗം പോലെ ഉണ്ടായിരുന്ന വീട്ടിലേക്…

*************

“മനസിൽ കാർമേഘം ഉരുണ്ട് കൂടിയത് പോലെയായിരുന്നു..”

അവളുടെ ചോദ്യം എന്റെ ഉള്ളിൽ നിന്നും പോകുന്നില്ല…

സനൂ.. അവൾ…

***************

കൃത്യം ഒരു വർഷം പുറകിലേക്ക് മറക്കാനായി എന്നും ശ്രമിക്കുന്ന എന്റെ ഓർമ്മകൾ എന്നിലേക്കു വീണ്ടും എന്നെ വേദനിപ്പിച്ചു കൊണ്ട് ഒഴുകി വന്നു..

“എന്റെ മഞ്ജു “

അവളെ ഓർത്തപ്പോൾ എന്റെ കണ്ണുകൾ താനെ ഈറനണിഞ്ഞു തുടങ്ങി…

“ദൈവമേ..

ഓർക്കുമ്പോയേകും അവളെ നീ എന്റെ മനസിൽ നിറക്കുന്നുവല്ലോ…

മുപ്പതാമത്തെ വയസിലായിരുന്നു ഇരുപത്തിയഞ്ചുകാരിയായ മഞ്ജു എന്റെ ജീവിതത്തിലേക്കു വരുന്നത്…

സർക്കാർ ഉദ്യോഗസ്ഥനായ എനിക്ക് തന്നെ പെണ്ണ് കിട്ടാൻ പത്തു പന്ത്രണ്ട് വീട് കയറേണ്ടി വന്നു…

അതും ജാതകം എന്ന പിടിവാശി അമ്മ ഇളവ് ചെയ്തത് കൊണ്ട് മാത്രം…

അവസാനം ഒന്നിനെ കിട്ടി…

അവളാണ് എന്റെ മഞ്ജു..”

“മോനിങ്ങനെ എല്ലാ വീട്ടിലും കയറി ചായ യോ വെള്ളമോ കുടിച് ഇറങ്ങിയാൽ ഷുഗർ വന്നു തട്ടി പോകും എന്ന് കരുതിയാകും മഞ്ജുവിനെ കണ്ടപ്പോൾ ഇത് മതിയെന്ന് അമ്മ പറഞ്ഞു..

അവളും ഒരു സർക്കാർ ഉദ്യോഗസ്ഥ യായിരുന്നു…”

“അങ്ങനെ പരസ്പരം ഇഷ്ടപ്പെട്ട് അമ്മയുടെ മരുമോളായി എന്റെ കൈ പിടിച്ചു വലതു കാൽ വെച്ച് വീട്ടിലേക് കയറിയവൾ..

പരസ്പരം ഇഷ്ട്ടമായിരുന്നുവെങ്കിലും ജീവിതത്തിൽ ഒരുമിച്ച് ചേരാൻ വീണ്ടും ഒന്നോ രണ്ടോ മാസം പിടിച്ചു.. അവൾ ഒറ്റ മകൾ ആയിരുന്നു എന്റെ വീട്ടിൽ ഞാൻ എന്നെ പോലെ..

അത് കൊണ്ട് തന്നെ അമ്മയെയും അച്ഛനെയും ഒറ്റക്കാക്കി വന്ന സങ്കടം വേണ്ടുവോളം ഉണ്ടായിരുന്നു..

അതിനും ദൈവം ഒരു പോം വഴി കണ്ടു.. ഒരസുഖവും ഇല്ലാതിരുന്ന എന്റെ അമ്മയെ ഹാർട് അറ്റാക്കിന്റെ രൂപത്തിൽ ഒരു ദിവസം കൊണ്ട് പോയി..”

“ചെറു പ്രായത്തിൽ അച്ഛനെ നഷ്ട്ടപെട്ടിരുന്ന എനിക്ക് സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്ന അമ്മയും പോയി…”

“പിന്നെ എല്ലാം അവളായിരുന്നു…”

“അങ്ങനെയാണ് ഞാൻ എന്റെ വീട് ഉപേക്ഷിച്ചു മഞ്ജു വിന്റെ വീട്ടിലേക് മാറുന്നത്.. അമ്മയല്ലാതെ ആരും ഇല്ലാതിരുന്ന എനിക്ക് അതൊരു പ്രശ്നം അല്ലായിരുന്നു..

എനിക്ക് ഒരു അച്ഛനെയും അമ്മയെയും കൂടെ അവിടെ കിട്ടി..
ഒരനിയനെയും…

സ്നേഹിക്കാൻ മാത്രം അറിയുന്ന മൂന്നു ജന്മങ്ങൾ…”

“പതിയെ പതിയെ ജീവിതം ആഘോഷിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ട് പോയി..”

“ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ ഓക്കാനം വന്നു വാഷ് ബേസിന്റെ അരികിലേക് അവൾ ഓടിയപ്പോൾ ആയിരുന്നു ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നത് അറിയുന്നത്..

എന്റെ സന്തോഷം അച്ഛനും അമ്മയും കൂടെ ഉള്ളത് ഓർക്കാതെ ഞാൻ അവളെ എടുത്തുയർത്തി പ്രകടിപ്പിച്ചു..…

പിന്നെയാണ് എനിക്കും അവൾക്കും ബോധം വന്നത്..

അവളെ താഴെക് ഇറക്കി ഒരു ചമ്മലോടെ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവർ അവിടുന്ന് പോയിരുന്നു..

എന്തായാലും ഞങ്ങളെക്കാൾ ബോധം അവര്ക് ഉണ്ടാവുമല്ലോ അതായിരിക്കും..

കൃത്യം ഒമ്പത് മാസവും പതിനെട്ടു ദിവസവും കഴിഞ്ഞപ്പോൾ അവൾ എനിക്കൊരു മാലാഖയെ തന്നു എന്റെ ശ്രീക്കുട്ടി യെ…”

ദിവസങ്ങൾ വീണ്ടും മുന്നോട്ടു നീങ്ങി.. ഞങ്ങളുടെ സന്തോഷം ആഹ്ലാദവും ഒരുപാടൊരുപാട് ഞങ്ങളിലേക് നിറച്ചു കൊണ്ട്…

“മോൾക് മൂന്നു വയസ്സ് തികഞ്ഞ സമയത്തായിരുന്നു ഗുരുവായൂർ പോയി തൊഴുതു വരുവാനുള്ള ആഗ്രഹം അവൾ പറയുന്നത്…

എനിക്കൊരു മാസം നിന്ന് തിരിയാൻ സമയമില്ലാത്തത് കൊണ്ടും അടുത്ത ആഴ്ച തന്നെ മഴ ക്കാലം തുടങ്ങുവാൻ സമയമായതു കൊണ്ടും മാത്രമായിരുന്നു അവളെയും മോളെയും അച്ഛന്റെയും അമ്മയുടെയും കൂടെ പറഞ്ഞു വിട്ടത്..

നാട്ടിൽ നിന്നും ഒരു ടാക്സി വിളിച്ചായിരുന്നു അവരുടെ യാത്ര…

അമ്പലത്തിൽ കയറി തൊഴുതു ഇറങ്ങിയെന്നും നല്ല തിരക്കാണെന്നും അവൾ വിളിച്ചു പറഞ്ഞിരുന്നു..

അന്നവിടെ അടുത്തുള്ള അമ്മയുടെ കുടുംബ വീട്ടിലൊക്കെ സന്ദർശനം നടത്തി വൈകുന്നേരം തിരികെ വരും നേരം കാല വർഷം നേരത്തെ എത്തി.. അതും പെരുമഴ യായി…”

” അവൾ വിളിച്ചപ്പോൾ ഞാൻ ഇനി രാത്രി യാത്ര വേണ്ടെന്നും നാളെ രാവിലെ പുറപ്പെട്ടാൽ മതിയെന്നും പറഞ്ഞു വെങ്കിലും…

അങ്ങനെ മോനു ഒറ്റക് അവിടെ സുഖിക്കേണ്ടന്നും രാത്രി ഒരു മണിക്ക് മുമ്പ് ഞങ്ങൾ അവിടെ എത്തുമെന്നും പറഞ്ഞായിരുന്നു അവൾ ഫോൺ വെച്ചത്..”

“അവരെയും കാത് വീടിന്റെ ഉമ്മറ കോലായിൽ ഇരുന്നു ഒന്ന് മയങ്ങി തുടങ്ങിയപ്പോൾ ആയിരുന്നു എന്റെ ഫോൺ ബെല്ലടിക്കുന്നത്..”

“മഞ്ജു കാളിങ്.. “

സമയം നോക്കിയപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു..

“അവർ ഗേറ്റിന് പുറത്ത് എത്തിയിട്ടുണ്ടോ എന്ന് നോക്കി വണ്ടിയൊന്നും കാണാത്തത് കൊണ്ട് ഫോൺ എടുത്തപ്പോൾ ഒരു പൊട്ടി കരച്ചിൽ ആയിരുന്നു ഞാൻ കേട്ടത്..”

“ചേട്ടാ…

അച്ഛൻ പോയി എന്നും പറഞ്ഞു..”

എനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ഞാൻ അവളോട് ചോദിച്ചു .

“എന്താണ് മഞ്ജു നീ പറയുന്നത്.

. അച്ഛൻ പോയെന്നോ..???

നിങ്ങൾ എവിടെയാണ്..???

എന്താ ഇത്ര നേരമായിട്ടും കാണാത്തത്..???”

ഞാൻ അവളോട് ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇല്ലായിരുന്നു…

“പെട്ടന്ന് വേറെ ആരോ ഫോൺ വാങ്ങി കാര്യം പറഞ്ഞു..

അവർ വന്ന വണ്ടി ആക്‌സിഡന്റ് ആയിരിക്കുന്നു തൃശൂർ കോഴിക്കോട് റോട്ടിൽ…”

“വണ്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവറും അച്ഛനും സ്പോട്ടിൽ തന്നെ മരണ പെട്ടു..

അമ്മയെ സീരിയസ് ആയി കോഴിക്കോട് മെഡിക്കൽ കോളേജിലേക് കൊണ്ട് പോയിട്ടുണ്ട്..”

അവർ അത്രയും പറഞ്ഞു എന്നോട് വേഗം ഹോസ്പിറ്റലിലേക്ക് വരുവാനായി പറഞ്ഞു..

“മോള്..

എന്റെ മോളെവിടെ.?.”

മോളെ കുറിച്ച് അവർ ആരും പറയാത്തത് കൊണ്ട് തന്നെ ഞാൻ ചോദിച്ചു …

“മോളോ..

ഈ വണ്ടിയിൽ ചെറിയ കുട്ടി കൂടെ ഉണ്ടായിരുന്നോ..

എന്നും ചോദിച്ചു അവർ ഫോൺ മഞ്ജുവിനെ ഏൽപ്പിച്ചു..”

“മഞ്ജു.. നമ്മുടെ മോളെവിടെടി..?”

ഞാൻ ചോദ്യം ചോദിച്ചു കൊണ്ട് കരഞ്ഞു പോയി…

മോളെ കുറിച്ച് അറിയാതെ എന്റെ
നെഞ്ച് പിടക്കാൻ തുടങ്ങി..

“മോള്..

മോള്…

ഒന്ന് രണ്ടു പ്രാവശ്യം അവൾ മോള് മോളെന്നു പറയുന്നത് മാത്രം ഞാൻ കേട്ടു…

ഉടനെ അവളുടെ അടുത്തേക് ആരെക്കെയോ ഓടി വരുന്നതും… വണ്ടിയിൽ കയറ്റാൻ പറയുന്നതും ഞാൻ കേട്ടു..”

എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ..

“എന്റെ മഞ്ജു എന്റെ ശ്രീക്കുട്ടി.. അച്ഛൻ അമ്മ..”

എല്ലാവരുടെയും മുഖങ്ങൾ എന്റെ മനസിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു..

“എങ്ങനെയാണ് അന്നാ രാത്രി ഞാൻ മെഡിക്കൽ കോളേജിലേക് എത്തിയതെന്ന് എനിക്കറിയില്ല..

ബൈക്ക് സ്റ്റാൻഡിൽ പോലും വെക്കാൻ നിൽക്കാതെ ഞാൻ എമർജൻസി കയറിന്റെ മുന്നിലേക്ക് ഓടി ചെന്നു..”

“ആ സമയം തന്നെ ഞാൻ അറിഞ്ഞു അച്ഛന്റെ കൂടെ അമ്മയും പോയിരിക്കുന്നു..”

“ആരാണ് സേതു…”

ഉള്ളിൽ നിന്നും അറ്റൻഡർ എന്ന് തോന്നുന്ന ഒരാൾ ചോദിച്ചു..

“ഞാൻ ആണ്..”

“അകത്തേക് വരൂ..”

അയാൾ എന്നെയും കൂട്ടി അകത്തേക് കയറി..

“നിങ്ങളോട് സംസാരിക്കണമെന്ന് പറഞ്ഞു വാശി കാണിക്കുന്നുണ്ട് ഭാര്യ… കൂടുതൽ സംസാരിപ്പിക്കരുത് കൃട്ടിക്കലാണ്…”

അവിടെ ഉണ്ടായിരുന്ന ഡോക്ടർ എന്നോട് പറഞ്ഞു..

“ഡോക്ടർ എന്റെ ഭാര്യ..”

“കുഴപ്പമൊന്നുമില്ലടോ.. രക്ഷപെടും..”

അയാൾ എന്നെ സമാധാനിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞു എന്നെ icu വിന്റെ ഉള്ളിലേക്കു കടത്തി വിട്ടു..

“ഞാൻ വരുന്നതും നോക്കി വഴി കണ്ണുമായി നിൽക്കുന്നവളെ പോലെ അവൾ ഡോറിന് അടുത്തേക് തന്നെ നോക്കി കിടക്കുന്നുണ്ടായിരുന്നു..”

“എന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകി…അവളുടെ ശരീരത്തിൽ പ്രത്യക്ഷത്തിൽ ഒരു മുറിവോ ചതവോ ഇല്ലാത്തത് കൊണ്ട് തന്നെ എന്നെ ഭയം കീഴ്പെടുത്തി കൊണ്ടിരുന്നു… ആന്തരികാവയവങ്ങൾക് ഡെമെജ് സംഭവിച്ചിരിക്കുന്നു…”

“ചേട്ടാ.. നമ്മുടെ മോളെവിടെ.. എന്നെ കണ്ടപ്പോൾ ആദ്യം അവൾ അതായിരുന്നു ചോദിച്ചത്..”

“എന്റെ നിമിഷങ്ങൾ അടുത്തിരിക്കുന്നു.. എനിക്ക് ഉള്ളിലേ വേദന സഹിക്കാൻ പറ്റുന്നില്ല ചേട്ടാ…”

അവൾ എന്റെ കയ്യിൽ പിടിച്ചു കരഞ്ഞപ്പോൾ കണ്ടു നിൽക്കുന്ന എനിക്ക് സഹിച്ചില്ല..

“എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

എനിക്കെന്റെ മോളെ ഒന്ന് കാണിച്ചു തരുമോ…”

അവൾ അവസാനമായി എന്നോട് ചോദിച്ചപ്പോൾ മോള് എവിടെ ആണെന്ന് അറിയാതെ ഞാൻ ആ റൂമിൽ നിന്നും ഇറങ്ങി..

“ആ സമയം തന്നെ അവിടേക്ക് ഒരു ആംബുലൻസ് വന്നു നിന്നും…അതിൽ നിന്നും ശ്രീക്കുട്ടിയുമായി രണ്ടു പേര് ഇറങ്ങി ഹോസ്പിറ്റലിന്റെ ഉള്ളിലേക്കു ഓടി..”

“ദൈവമേ എന്റെ മോളെയും നീ കൊണ്ട് പോകുമോ.. ഒന്നും…ചെയ്യാൻ കഴിയാത്ത നിസ്സഹായനായ മനുഷ്യന്റെ അവസ്ഥയിൽ ഞാൻ ആ തറയിലേക്ക് മുട്ട് കുത്തി ഇരുന്നു…”

കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുളികളാൽ ചുറ്റുമുള്ളതൊന്നും കാണുവാൻ കഴിയാതെ…

“മോളെ അവസാനമായി കാണുവാൻ കഴിയാതെ എന്റെ മഞ്ജു പോകരുതേ എന്നായിരുന്നു എന്റെ പിന്നെ യുള്ള പ്രാർത്ഥന മുഴുവൻ…”

“അതെങ്കിലും ദൈവം എനിക്കായ് ഒരുക്കി തന്നു…ഒരു പോറൽ പോലും ഏൽക്കാതെ ശ്രീക്കുട്ടി വണ്ടിയിൽ നിന്നും പുറത്തേക് തെറിച്ചു പോയിരുന്നു ഇടിയുടെ ആഘാതത്തിൽ…”

ഡോക്ടർ വന്നു എന്നെ വിളിച്ചു മോളെ കയ്യിലെക് തന്നു മഞ്ജുവിന്റെ അരികിലേക് പറഞ്ഞയച്ചു..

അവരും മഞ്ജു വിനെ മരണ ത്തിനു വിട്ടു കൊടുത്തിരിക്കുന്നു..

“ഞാൻ ആ വാതിൽ തുറന്നു ഉള്ളിലേക്കു കയറുമ്പോൾ നേരത്തെ കണ്ടത് പോലെ തന്നെ അവൾ വാതിലിന് അടുത്തേക് തന്നെ നോക്കി കിടക്കുന്നു…

മോളെ എന്റെ കയ്യിൽ കണ്ടപ്പോൾ മുഖം തുടുത്തു…

എന്റെ കയ്യിൽ കിടന്നുറങ്ങുന്ന മോളെ കുറച്ചു സമയം നോക്കി കിടന്നു..”

“ഞാൻ അവളുടെ അടുത്തു തന്നെ അവളെ കിടത്തി കൊടുത്തു.. അവസാനമായി അവളുടെ കൈകൾ ശ്രീകുട്ടിയുടെ തലയിൽ തഴുകി കൊണ്ടിരുന്നു..

പതിയെ എന്നെ നോക്കി വേദന നിറഞ്ഞ പുഞ്ചിരിയോടെ..

എന്റെ മകളെ പൊന്ന് പോലെ നോക്കണേ ഏട്ടാ എന്നുള്ള വാക്കുകളോടെ അവൾ എന്നെന്നേക്കുമായി കണ്ണുകൾ അടച്ചു…”

*************

“പപ്പാ…”

മോളുടെ പെട്ടെന്നുള്ള വിളിയാണ് എന്നെ ഓർമ്മയിൽ നിന്നും ഉണർത്തിയത്..

“എന്താ ശ്രീ…”

“പപ്പാ നമ്മൾ എങ്ങോട്ടാ… അതെല്ലേ നമ്മുടെ വീട്…”

വീട് കഴിഞ്ഞു പോയത് പോലും അറിയാതെ പോകുകയായിരുന്ന ഞാൻ വണ്ടി നിർത്തി മോളെ ഒന്ന് നോക്കി..

“ഈ പപ്പാ ക് ആലോചന കുറച്ചു കൂടുന്നുണ്ട്.. എനിക്കറിയാം എന്താണെന്ന്…”

അവൾ എന്റെ കവിളിൽ കൈകൾ വെച്ച് കൊണ്ട് പറഞ്ഞു..

“ആഹാ.. അത്രക്കായോ നീ.. അവളെ വണ്ടിയിൽ നിന്നും ഇറക്കി എന്റെ നേരെ തിരിച്ചു നിർത്തി കൊണ്ട് ചോദിച്ചു.. “

“പപ്പാ സനൂ വെച്ചിയെ അല്ലെ ഓർത്തു കൊണ്ടിരുന്നേ…”

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു..

ഞാൻ അവൾ പറയുന്നത് തന്നെ നോക്കി നിന്നപ്പോൾ അവൾ തുടർന്നു കൊണ്ട് പറഞ്ഞു..

“പപ്പാ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് യേച്ചി യെ.. നമുക്ക് നമ്മുടെ വീട്ടിലേക് കൊണ്ടുവന്നാലോ യേച്ചി യെ..

യേച്ചി വന്നാൽ ശ്രീകുട്ടിക്ക് കഥ പറയാനും കളിക്കാനും പഠിപ്പിക്കാനുമെല്ലാം കൂട്ടാവുമല്ലോ നമുക്ക് കൊണ്ട് വരാം പപ്പാ യേച്ചിനെ…”

അവൾ പറഞ്ഞതിനെല്ലാം നമുക്ക് കൊണ്ട് വരാമെന്നും പറഞ്ഞു അവളെയും കൊണ്ട് ഞാൻ വീടിനുള്ളിലേക്ക് കയറി..

“ഇവിടുന്ന് ട്രാൻസ്ഫർ വാങ്ങി പോവുകയാണ് മറ്റൊരു ജില്ലയിലേക് ഇനി ഇങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നറിയില്ല…

രാവിലെ മോള് ഉണരുന്നതിന് മുമ്പേ പോകുന്നത് കൊണ്ട് തന്നെ അവൾ സനൂ വിനെ മറക്കുമായിരിക്കും.. കുറച്ചു ദിവസങ്ങൾ വിഷമം ഉണ്ടായാലും..”

“മഞ്ജു വിനു പകരം ഒരാൾ വേണ്ടി വരുമെന്നൊക്കെ എനിക്കറിയാം എന്റെ കൂടെ നിക്കാൻ എന്റെ മകൾക്കൊരു അമ്മയാകാൻ ഒരാള് വേണം.. പക്ഷെ എനിക്ക് കുറച്ചു സമയം കൂടി വേണം എന്റെ മനസിനെ ഒന്ന് പാകപെടുത്താൻ..”

“ഒരുപാട് നല്ല നല്ല ആലോചനകൾ വരുന്നുണ്ട് സനൂജ ക് …

അവളുടെ അച്ഛന്റെയും അമ്മയുടെയും ഏക ആഗ്രഹമാണ് അവളുടെ വിവാഹം..

അവര്ക് അത് പെട്ടന്ന് തന്നെ കാണുകയും വേണം…”

വേണ്ടാ ഞാനായിട്ട് ഒരു കുടുംബത്തെ കാത്തിരിപ്പിക്കുന്നതിൽ അർത്ഥമില്ല.. അത് ശരിയല്ലന്ന് മനസ് പറയുന്നുണ്ട്…

************

“പുലർച്ചെ ഞാൻ മോളെയുമെടുത്തു വീട് പൂട്ടുമ്പോൾ ഞാൻ കണ്ടു ഒരു വിളിക്കായ് പ്രതീക്ഷിച്ചെന്ന പോലെ എന്നെ നോക്കി നിൽക്കുന്ന സനൂജ യെ..”

“ഞാൻ അവളെ നോക്കാതെ യാത്ര പറയാതെ കാറിൽ കയറി ഇരുന്നു..”

“വണ്ടി വീട്ടിൽ നിന്നും ഇറക്കി ഓടിച്ചു പോകുമ്പോൾ എന്റെ മനസ് അറിയാതെ പിടക്കാൻ തുടങ്ങി..

ആരെയോ നഷ്ട്ടപെടുത്തുന്നത് പോലെ..

വണ്ടി ഓടിക്കുന്നതിന് ഇടയിൽ ഞാൻ സൈഡ് ഗ്ലാസിലൂടെ അവളെ കണ്ടു..

വീട്ടിൽ നിന്നും പുറത്തേക് ഇറങ്ങി ഞങ്ങൾ പോകുന്നതും നോക്കി നിൽക്കുന്ന സനൂ വിനെ…”

*************

ഒരാഴ്ചക് ശേഷമുള്ള ഒരു ഞായറാഴ്ച ദിവസം…

പകൽ സമയം…

പുറത്തു ഓടി കളിച്ചിരുന്ന ശ്രീക്കുട്ടി ചിരിച്ചു കൊണ്ട് വീടിനുള്ളിലേക് ഓടി വന്നു..

“പപ്പാ ഒരു ആളെ കാണിച്ച് തരാം.. വേഗം വാ.. അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു..”

ഒരാഴ്ചക് ശേഷം അവളുടെ മുഖം ഇത്ര തെളിവോടെ കാണുന്നത്…അതും ഒരുപാട് സന്തോഷത്തോടെ…

“എന്താ.. എന്താണ് മോളെ…? ആരെ കാണിക്കാനാ…?”

ഞാൻ അവളുടെ കൂടെ നടന്നു കൊണ്ട് തന്നെ ചോദിച്ചു..

അവൾ എന്നോട് ചുണ്ടിൽ വിരൽ വെച്ച് കൊണ്ട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു…

“പതിയെ പൂച്ച നടക്കുന്നത് പോലെ കാലിലെ പാദസരത്തിന്റെ ശബ്ദം പോലും കേൾപ്പിക്കാതെ അവൾ ഉമ്മറ കോലായിൽ എത്തി വാതിലിന്റെ മറവിൽ നിന്ന് കൊണ്ട് കൈ പുറത്തേക് ചൂണ്ടി..”

തൊട്ടടുത്തുള്ള വീട്ടിലേക് ആയിരുന്നു അവൾ വിരൽ ചൂണ്ടിയത്..

“അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക് നോക്കിയപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി…”

“സനു…

സനൂജ അവിടെ നിന്നും ആ വീട്ടിലേക് സിറ്റ് ഔട്ടിൽ നിന്നും ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നു… വീടിന്റെ മുറ്റത് വലിയൊരു ലോറി യുണ്ട് അതിൽ നിറയെ വീട്ടുപകരണങ്ങളും..”

“പപ്പാ വാ…”

അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചെങ്കിലും എനിക്ക് എന്തോ ഒരു മടി പോലെ മുന്നിലേക്ക് പോകാൻ.

“ശ്രീകുട്ടിയുടെ മുഖത്തെ സന്തോഷത്തിനു കാരണം സനൂ ആണല്ലോ എന്ന് ആലോചിച്ചപ്പോൾ ഞാൻ യന്ത്രിക മെന്നോണം മുന്നിലേക്ക് നടന്നു…”

“ഞാനും മകളും വരുന്നത് കണ്ട് സനൂജ യുടെ മുഖത് സന്തോഷം വിരിയുന്നത് ഞാൻ കണ്ടു…

അവളുടെ എല്ലാമെല്ലാമായ ഞങ്ങളെ കണ്ട് അവൾ കൈ വീശി കാണിച്ചു കൊണ്ട് ചിരിച്ചു..”

അവളുടെ അടുത്തേക് നടക്കുന്നതിന് ഇടയിൽ ശ്രീ കുട്ടി എന്നോട് ചോദിച്ചു..

“പപ്പാ.. പപ്പാ യോടെ പ്രേമ മാണോ ചേച്ചിക്…”

അവളുടെ ചോദ്യത്തിന് എന്ത് മറുപടി യാണ് ഞാൻ കൊടുക്കുക്ക..

“പപ്പാ യെ അല്ല.. ശ്രീ കുട്ടിയെ യാണ് ചേച്ചിക് വേണ്ടതന്നോ “

“അല്ലെങ്കിൽ ഈ അച്ഛനും മകളും അവൾക് ജീവന്നാണെന്നോ…”

അവസാനിച്ചു..