നമ്മൾ എല്ലാവരും ഒരുമിച്ച് പോയാൽ നമ്മളെ അന്വേഷിച്ചു വന്നവർ നമ്മളെ കാണാണ്ട് എന്തുചെയ്യും…

സാഡിസം

രചന : വിജയ് സത്യ പള്ളിക്കര

=====================
മീന എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…

ആണോ എനിക്കും ഇന്ന് നിന്നോട് ഒരു കാര്യം തുറന്നു പറയാൻ ഉണ്ടായിരുന്നു..

ആഹാ അതു കൊള്ളാമല്ലോ… രണ്ടുപേരും നല്ല ചേർച്ച.

ആട്ടെ….എന്താണ് നിനക്ക് പറയാനുള്ളത്..

സിനി ചോദിച്ചു

ഗുണപാലിനെ ഞാൻ സ്നേഹിക്കുന്നു മീന…നിനക്കും അവനോട് ഇഷ്ടമാണെന്ന് അറിയാം. ഇനി നീ അതിൽ നിന്നും പിന്മാറണം. ഞാൻ കാര്യമായിട്ട് തന്നെയാണ്. എനിക്ക് മാത്രമായി ഗുണപാലിനെ വിട്ടുതരണം.

അച്ചോടാ ഞാനും ഇതേ കാര്യമാണ് നിന്നോട് പറയാൻ ഉണ്ട് എന്ന് പറഞ്ഞത്. ഒന്ന് പോയെ… മീന… ഈ കമ്പനിയിൽ ഞാൻ ആദ്യം കണ്ട വ്യക്തിയാണ് ഗുണപാൽ എനിക്ക് അവനെ വേണം…

ഇതു വലിയ കഷ്ടമായല്ലോ..സിനി നേരിട്ട് ചോദിക്കുക ഈ ഗുണപാലിന് ആരെയാ ഇഷ്ടമെന്ന്..

അതുതന്നെ എനിക്കും പറയാനുള്ളത് മീന നേരിട്ട് ചോദിക്ക് ആരെയാ അവന് ഇഷ്ടമെന്ന് …

രണ്ടുപേരും കട്ടക്ക് കട്ട ഒരേ കാര്യത്തിൽ വാശി പിടിച്ചു.

ഗുണപാലിന്റെ കാര്യത്തിൽ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന രണ്ടു കൂട്ടുകാരികൾ തമ്മിൽ ഓരോന്നും പറഞ്ഞു ഉടക്കി.

ഒടുവിൽ അവർ രണ്ടുപേരും ലവ് ചലഞ്ച് ചെയ്ത് ഒരേസമയം ഗുണപാഠിനോട് ചോദിച്ചു..

പക്ഷേ ഗുണപാലിന്റെ മറുപടി അവരെ ഞെട്ടിച്ചു.

ഗുണപാലിനെ ഭാര്യയായി രണ്ടുപേരെയും വേണം..

ന്യൂ ജനറേഷന്റെ ചില വൃത്തികെട്ട സ്വഭാവങ്ങൾ ഉടമയായിരുന്നു ആ മൂന്നുപേരും.. അതുകൊണ്ടുതന്നെ അവരുടെ ചേർച്ച അത്രയ്ക്കും ദൃഢം ആകാൻ കാരണം….ഒടുവിൽ അവർ അഡ്ജസ്റ്റ് ചെയ്യാമെന്ന് സമ്മതിച്ചു…

ആ കമ്പനിയുടെ എംഡി കിഷോർ കുമാറാണ്..

വളരെ കഷ്ടപ്പെട്ടാണ് കിഷോർ കുമാറിന്റെ അച്ഛൻ അവനെ എംബിഎ പഠിപ്പിച്ചത്..

എംബിഎ പാസായി വന്നതിനുശേഷം അച്ഛന്റെ കൊച്ചു സ്ഥാപനത്തിൽ തന്നെ അവന്റെ മികവുറ്റ കഴിവുകൾ പ്രകടിപ്പിച്ചു. വെറും നാലാൾ മാത്രം ജോലി ചെയ്തിരുന്ന ആ കമ്പനിയെ നാശത്തിന്റെ വക്കിൽ നിന്നും അവൻ ഉയർത്തിക്കൊണ്ടുവന്നു..

പത്ത് ഇരുന്നൂർ പേർ ഇപ്പോൾ ആ സ്ഥാപനത്തിൽ നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്നുണ്ട്..

വിദേശത്തേക്ക് ആയിരുന്നു ആ കമ്പനിയിൽ നിന്നു പ്രോഡക്റ്റ് കയറ്റി അയച്ചു കൊണ്ടിരുന്നത്..

കിഷോർ കുമാറിന്റെ ഉത്സാഹത്തിനുസരിച്ച് അവന്റെ സഹപ്രവർത്തകരും കമ്പനിയിൽ ആത്മാർഥമായി സഹകരിച്ചു പ്രവർത്തിച്ചു.. അതുകൊണ്ടുതന്നെ കമ്പനി നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചു..

കിഷോർ കുമാർ കമ്പനിയിൽ വന്നതിനുശേഷമുള്ള ആദ്യത്തെ കമ്പനിയുടെ ആനുവൽ ഫങ്ഷൻ അതിഗംഭീരമായി ആഘോഷിക്കാൻ തന്നെ എല്ലാവരും തീരുമാനിച്ചു.

ആഘോഷത്തിനു ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും കമ്പനിയുടെ പ്രവർത്തകരും എത്തിച്ചേർന്നു..

ചടങ്ങിൽ വന്നവരൊക്കെ കിഷോർ കുമാറിനെ പ്രശംസിക്കുകയും കമ്പനിയുടെ നേട്ടത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്തു.

ഗംഭീരമായ ഡിന്നറും ഒരുക്കിയിട്ടുണ്ടായിരുന്നു..

എല്ലാം കഴിഞ്ഞപ്പോൾ അല്പം ഭക്ഷണം ബാക്കി വന്നു …

കിഷോർ കുമാർ തന്റെ കമ്പനിയിലെ രണ്ടു മൂന്ന് ജോലിക്കാരെ വിളിച്ചു അത് അടുത്തുള്ള അനാഥാലയത്തിൽ കൊണ്ടു കൊടുക്കാൻ ഏർപ്പാട് ചെയ്തു..

ഗുണപാലിനൊപ്പം അവന്റെ കൂടെ എപ്പോഴും നിഴൽ പോലെ കാണുന്ന മീന,സിനി എന്ന പെൺകുട്ടികളുമാണ് ആ മൂവർ സംഘം…

ഗുണപാൽ ആകട്ടെ ഒരു നിഷേധി ആയിരുന്നു.. ഇത്തരം കാര്യങ്ങൾ ഒക്കെ അവനു പുച്ഛമാണ്..

ട്രാഫിക്കിൽ മറ്റും നിൽക്കുമ്പോൾ വല്ല യാചകരും വന്നു അമ്മ വിശക്കുന്നു എന്നു പറയുന്നത് തന്നെ അവനു കേട്ടുകൂടാ… അവരോട് അവൻ ആ അവസരത്തിൽ വളരെ നിന്ദ്യമായി പെരുമാറും..

അങ്ങനെയുള്ളയവനെയാണ് ഈ പണിക്ക് ഏൽപ്പിച്ചത്..

അവനാകട്ടെ കിട്ടിയ അവസരം കൂട്ടുകാരികളുടെ കൂടെ കറങ്ങി ആ ഭക്ഷണം റോഡുവക്കിലെ ഏതോ വേസ്റ്റ് ബോക്സിൽ കൊണ്ടു തട്ടി.

കിഷോർ കുമാർ ഇതൊന്നും അറിഞ്ഞില്ല…

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച കമ്പനി ലീവ് ഉള്ള ദിവസം..

കിഷോർ കുമാർ എന്തോ ആവശ്യത്തിനായി ഒരു പട്ടണത്തിലുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു.

ഫോൺ വന്നപ്പോൾ ഫോണിൽ ചില ജോലികൾ ഉണ്ടായത് കൊണ്ടു റോഡരികിൽ വണ്ടി നിർത്തി ആരോടോ മൊബൈൽ സംസാരിക്കുകയായിരുന്ന കിഷോർ കുമാർ ആ കാഴ്ച ഒരു കണ്ടു..

തന്റെ ജീവനക്കാരായ ഗുണപാലും ആ രണ്ട് പെണ്കുട്ടികളും റോഡിൽ ഇരിക്കുന്ന ഏതോ ഒരു യാചകിക്ക് ഭക്ഷണം നൽകുന്നു..

നയന മനോഹരമായ കാഴ്ച.. കിഷോർ കുമാർ അഭിമാനം കൊണ്ടു…

തന്റെ ജോലിക്കാർ തന്നെപ്പോലെ തന്നെ മനുഷ്യത്വം ഉള്ളവരാണ്…അല്പം കഴിഞ്ഞപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു..

അവർ നൽകിയ ഭക്ഷണം ആർത്തിയോടെ യാചകി എടുത്തു വായിൽ തിന്നാൻ കൊണ്ടുപോകാൻ ഗുണപാൽ അതു തട്ടിക്കളഞ്ഞു..

നിലത്ത് വീണ ഭക്ഷണം ആ യാചകി കൈകൊണ്ട് എടുക്കാൻ ശ്രമിച്ചപ്പോൾ അവർ മൂവരും അത് കാല് കൊണ്ട് തൂത്തു കളഞ്ഞു..

വിശപ്പിനാൽ പരവേശം പിടിച്ച് ആ സ്ത്രീ നിലവിളിച്ചപ്പോൾ അവർ മൂവരും പൊട്ടി പൊട്ടി ചിരിച്ചു ആ സ്ത്രീയെ ആക്ഷേപിച്ചു കാറിൽ കയറിപ്പോയി..

ഇങ്ങനെയുമുള്ള ആളുകൾ ഉണ്ടോ..?

കിഷോർ കുമാറിൽ ഇത് അത്യന്തം വേദനയും അത്ഭുതവും ഉളവാക്കി..

ഗുണ പാലിന്റെ ആ ചെയ്തി കണ്ടു പെൺകുട്ടികളിൽ ഒരാളെങ്കിലും ആ പ്രവർത്തി തടഞ്ഞില്ലല്ലോ..

കിഷോർകുമാർ പിന്നീട് നടത്തിയ അന്വേഷണത്തിൽ മനസ്സിലായി,ഇവർ മൂവരും ഇതുപോലെ പലയിടങ്ങളിലും അനാഥരായ തെരുവ് കുട്ടികൾക്കൊക്കെ മിഠായികളും മധുരങ്ങളും നൽകി അവർ കഴിക്കുമ്പോൾ തിരിച്ചു വാങ്ങി അവരെ സങ്കടപ്പെടുത്തുന്ന കാഴ്ച പതിവാണ്..അവരുടെ അത്തരത്തിലുള്ള ദുഃഖത്തിൽ ഇവർ എന്തോ ആനന്ദം കണ്ടെത്തുന്നു..

അന്ന് അനാഥാലയത്തിന് നൽകാൻ ഏൽപ്പിച്ച ഭക്ഷണവും അവിടെ കിട്ടിയില്ല എന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു…

ഇവരാണെങ്കിൽ സ്ഥാപനത്തിൽ വന്നു ഡെഡിക്കേറ്റ് ആയി ജോലി ചെയ്യുന്നു.. കമ്പനിക്ക് ഇവരെക്കൊണ്ട് നേട്ടമാണ്.. താൻ പിന്നെന്തു ചെയ്യാനാണ്…

പിന്നെ അവരുടെ ആ പ്രവർത്തി… അത്‌ എന്തെങ്കിലുമാകട്ടെ കിഷോർ കുമാർ അത് വിട്ടു..

മികച്ച ജോലിചെയ്യുന്ന അവർക്ക് നാൾ കഴിയുമ്പോൾ ഉന്നത പോസ്റ്റ് കൊടുത്തേ പറ്റൂ

അടുത്താഴ്ച കിഷോർ കുമാർ അവരെ ക്യാബിനിൽ വിളിച്ചു പറഞ്ഞു..

നിങ്ങൾക്കിനി കുറച്ചുനാൾ വിദേശത്താണ് ജോലി..അതുകൊണ്ട് സാലറിയും ആ ലവലിൽഎത്രയോ ഇരട്ടിക്കിരട്ടി ആയിട്ടുണ്ട്.പാസ്പോർട്ട് റെഡിയല്ലേ മറ്റന്നാൾ തന്നെ പോകാൻ റെഡി ആയിക്കോളൂ..

എവിടെയാ സാർ ജോലി അവർ സന്തോഷത്തോടെ ചോദിച്ചു.

നിങ്ങൾക്ക് മിഡിലിസ്റ്റിലാണ് ജോലി..

കൃത്യമായി പറഞ്ഞാൽ അബുദാബിയിൽ..പക്ഷേ നിങ്ങൾ ആദ്യം പോകേണ്ടത് അവിടെയല്ല..ആഫ്രിക്കയിലും യു എ ഇലും ആണല്ലോ നമ്മുടെ സാധനങ്ങൾ കൂടുതൽ തീരുന്നത്… ആദ്യം ആഫ്രിക്കയിൽ അവിടെ ഒരു സെമിനാർ അറ്റൻഡ് ചെയ്യേണ്ടതുണ്ട്.. ഒരാഴ്ച അവിടെ അതിൽ പങ്കെടുത്തു അവിടെ നിന്നും നിങ്ങൾ നേരെ ജോലിക്കായി അബുദാബിയിലേക്ക്… എന്താ സന്തോഷമായില്ലേ….

നിങ്ങൾ ആഫ്രിക്കയിൽ ചെല്ലുമ്പോൾ അവിടെ നിങ്ങളെ സ്വീകരിക്കാനും മറ്റും നമ്മുടെ ആൾക്കാർ അവിടെ ഉണ്ടാവും..നിങ്ങൾക്ക് ഒരാഴ്ച ക്കുള്ള ഫുഡ് ആൻഡ് അക്കോമഡേഷൻ അവർ തയ്യാറാക്കിയിട്ടുണ്ടാകും..

അപ്പോൾ ഇഷ്ടം തന്നെയല്ലേ പോകാൻ

ശമ്പള വർദ്ധനവും വിദേശജീവിതവും ഓർത്തപ്പോൾ അവർക്ക്‌ സന്തോഷം തോന്നി..

ഓക്കേ സാർ ഞങ്ങൾ റെഡിയാണ്…

മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു..

അവർ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി..

പോകേണ്ട ദിവസം അവർ മൂവരും എയർപോർട്ടിൽ എത്തിയപ്പോൾ അവരെ കാത്തു ആഫ്രിക്കൻ എയർവെയ്സ് വന്ന് നിൽപ്പുണ്ടായിരുന്നു..

ആഫ്രിക്കയിലെ സോമാലിയയിലാണ് അവരെ ഇറക്കിയത്…

എയർപോർട്ടിലെത്തിയ അവരെ കമ്പനിയുടെ ആൾക്കാർ വന്ന് സ്വീകരിച്ചു ഒരു കെട്ടിടത്തിൽ കൊണ്ടുപോയി പാർപ്പിച്ചു..

കഴിക്കാനുള്ള ഭക്ഷണവും മറ്റും കൊണ്ടുവരാം എന്ന് പറഞ്ഞവർ തിരിച്ചുപോയി..

രാവിലെ ആണ് അവരെ റൂമിൽ ആക്കിയിട്ടു പോയത്.. നേരം ഉച്ചയായി.. ഒരു ഭക്ഷണവും എത്തിയില്ല.. ക്രമേണ വൈകിട്ട് ആയി… മൂവരും വിശന്നു തുടങ്ങി… അന്നു രാത്രിയായിട്ടും ആ റൂമിലേക്ക് ആരുമെത്തിയില്ല.. വൈഫി ഇല്ലാത്തതുകൊണ്ട് വാട്സ്ആപ്പ് വർക്ക് ചെയ്യുന്നില്ല..സിം കാർഡ് പുതിയത് എടുക്കാത്തത് കൊണ്ട് കോൾ വിളിക്കാൻ

പറ്റുന്നില്ല.. അന്നുരാത്രി അവർ പട്ടിണി കിടക്കുകയാണ്….

മൂവരും വിശപ്പ് സഹിച്ചു എങ്ങനെയൊക്കെ നേരം വെളുപ്പിച്ചു.

തങ്ങളെ റൂമിൽ ആക്കി പോയവർ എന്താണ് മറ്റു സൗകര്യങ്ങളൊന്നും ഏർപ്പാടാക്കി തരാൻ ഇത്രയും വൈകുന്നത്… അവർക്ക് എന്ത് സംഭവിച്ചു..എന്താണ് നാട്ടിൽ നിന്നും MD താങ്കളുമായി തുടർന്നുള്ള സഹായത്തിനും നിർദ്ദേശത്തിനുമായി ആൾക്കാരെ അയക്കാത്തത്…. നമ്മുടെ കാര്യം മറന്നു പോയോ…ആവോ..

അവർക്ക് കാര്യം ഒന്നും പിടികിട്ടിയില്ല… കതകു തുറന്നു അവർ ആ കെട്ടിടത്തിനു വെളിയിൽ ഇറങ്ങി..

വിജനമായ റോഡ്.. പക്ഷേ വാഹനങ്ങൾ അങ്ങിങ്ങായി ചീറിപ്പായുന്നു… റോഡരികിൽ ആരെയും കാണാനില്ല. വിശപ്പ് ആണെങ്കിൽ സഹിക്കുന്നില്ല.. ദാഹം തീർക്കാൻ പോലും ഒരു തുള്ളി വെള്ളം ഇല്ല..

ആരെ കാണും…ആരോട് സഹായം അഭ്യർത്ഥിക്കും… എന്നൊന്നും അറിയില്ല..

അവർ റോഡരികിൽ കൂടി മുന്നോട്ടു നടക്കാൻ തുടങ്ങി…

നമ്മൾ എങ്ങോട്ടാണ് പോകുന്നത്..?

കുടിക്കാനും തിന്നാനും വല്ലതും ലഭിക്കുമോ എന്ന് അറിയാനാണ്..

അതിന് കടകൾ ഒന്നും പരിസരത്ത് ഇല്ല…

നമ്മൾ എല്ലാവരും ഒരുമിച്ച് പോയാൽ നമ്മളെ അന്വേഷിച്ചു വന്നവർ നമ്മളെ കാണാണ്ട് എന്തുചെയ്യും…

അത് ശരിയാണ് നമുക്ക് വേഗം തിരിച്ചു വരണം..

കുറെ നടന്നിട്ടും ഒരു കട പോലും കണ്ണിൽ പെട്ടില്ല..നടന്നത് മിച്ചം..അവൾ തിരിച്ച് പഴയ കെട്ടിടത്തിലേക്ക് മടങ്ങിവന്നു..

അന്നു പകലിലും രാത്രിയിലും ആരും അവരെ അന്വേഷിച്ചു വന്നില്ല..വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ് അവർ ക്രമേണ അവശരായി മാറി..പിറ്റേ ദിവസവും പ്രഭാതത്തിൽ അവർ പുറത്തിറങ്ങി..

ആർക്കും തളർച്ച കാരണം നടക്കാൻ പറ്റുന്നില്ല പതുക്കെ പതുക്കെ ശരീരം കഴഞ്ഞു നടക്കുകയാണ്… ഒരിറ്റു വെള്ളം കിട്ടിയില്ലെങ്കിൽ ചത്തുപോകും എന്ന അവസ്ഥ..

അപ്പോഴാണ് അവർ റോഡരികിലുള്ള വേസ്റ്റ് ബോക്സ് കണ്ടത്… അവർ അതിലേക്ക് നോക്കി… ആരോ വലിച്ചെറിഞ്ഞ പഴകിയ ഭക്ഷണവും വാട്ടർ ബോട്ടിലും… അവരത് ആർത്തിയോടെ പങ്കിട്ടുകഴിച്ചു…

നാട്ടിലായിരുന്നപ്പോൾ തങ്ങൾ ചെയ്ത ക്രൂരത അവരുടെ മനസ്സിൽ മിന്നി മറഞ്ഞു..

എത്ര പാവങ്ങളെ ആണ് ദ്രോഹിച്ചത്.. ആക്ഷേപിച്ച അപമാനിച്ചത്… പണത്തിന്റെ യും ജോലിയുടെയും അഹങ്കാരത്തിൽ തങ്ങൾ എല്ലാം മറന്നു.. പാവങ്ങളെ കാണുമ്പോൾ അപമാനിച്ചു.. ഇതിനൊക്കെ ദൈവം തന്ന ശിക്ഷയാണിത്..

അപ്പോഴേക്കും അവരെ 2 ദിവസം മുമ്പ് ക്കൊണ്ടു വിട്ട ടീമും അവിടെയെത്തി..

ക്ഷമിക്കണം പോകുംവഴി ഒരപകടം പറ്റി ഞാനുൾപ്പെടെ കൂടെയുള്ളവർ പരിക്കുപറ്റി ഒരു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു… നിങ്ങളുടെ കാര്യം പാടെ മറന്നു പോയിരുന്നു…

അവരെ കണ്ടതും മൂവരും പൊട്ടിക്കരഞ്ഞു..

വളരെ പെട്ടെന്ന് തന്നെ അവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി..

താൻ ഏർപ്പാടാക്കിയവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ ക്ഷമിക്കാൻ കിഷോർകുമാർ അവരെ വിളിച്ചു പറഞ്ഞു..

ശേഷം അവിടെയുള്ള ഒരു സെമിനാറിൽ പങ്കെടുത്ത ശേഷം അവർ ദുബായിലേക്ക് മടങ്ങി ജോലിയിൽ പ്രവേശിച്ചു..

പിന്നീട് ജീവിതത്തിലൊരിക്കലും അവർ മൂവരും പാവങ്ങളോടും ഭിക്ഷക്കാരോടും അങ്ങനെപെരുമാറിയിട്ടില്ല ;എന്നുമാത്രമല്ല വിശപ്പിന്റെ വില അറിഞ്ഞ അവർ പിന്നീട് അങ്ങോട്ട് ഭിക്ഷാംദേഹികളോടും പാവങ്ങളോടും കണക്കാണെ സഹായിച്ചു തങ്ങളുടെ കടമയും ഉത്തരവാദിത്വവും നിർവഹിച്ചു.

ആഫ്രിക്കയിൽ വെച്ച് നേരിട്ട അനുഭവത്തിൽ പാഠം പഠിച്ച തങ്ങളെ ഈ നന്മയുടെ സ്വഭാവത്തിലേക്ക് നയിച്ചത് അവരുടെ ബോസ് കിഷോർ കുമാർ ആണെന്ന് അവർ അറിഞ്ഞതേയില്ല..