സ്കൂളിൽ പഠിക്കുമ്പോൾ മുതൽ എന്റെ പുറകെ നടക്കുമ്പോൾ നിങ്ങൾക്ക് ഈ ബാധ്യതകളെ പറ്റി ഒന്നും അറിയില്ലായിരുന്നു എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ് ഇത്രയും നാൾ എന്നെ……..

എഴുത്ത്:- അപർണ

“” വിഷ്ണുവേട്ടാ ഇപ്പോൾ വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ട് എങ്ങനെയെങ്കിലും എന്റെ വീട്ടിൽ വന്ന് നമ്മുടെ കാര്യം ഒന്ന് പറയണം
എന്നിട്ട് അതിൽ എന്തെങ്കിലും നീക്ക് പോക്ക് ഉണ്ടാക്കണം…!!

ശാലിനി പറഞ്ഞത് കേട്ട് വിഷ്ണു അവളുടെ അരികിലേക്ക് വന്നു..

” നോക്കു ശാലിനെ നീ വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ!! പെട്ടെന്നൊരു ദിവസം നിന്റെ വീട്ടിൽ വന്ന് നിങ്ങളുടെ മകളെ എനിക്ക് വിവാഹം കഴിച്ചു തരണം എന്നെല്ലാം പറഞ്ഞാൽ വിവാഹം കഴിച്ചു തരാൻ ഇത് സിനിമയോ നാടകമോ ഒന്നുമല്ല നമ്മുടെ ജീവിതമാണ്!!

പിന്നെ നിനക്കറിയാലോ എന്റെ അച്ഛൻ വരുത്തിവെച്ച ഒരുപാട് കടങ്ങൾ!!
അതെല്ലാം വീട്ടി തീർക്കണം പിന്നെ പെങ്ങളുടെ കല്യാണം കഴിഞ്ഞതിന്റെ ബാധ്യതകൾ തീർക്കണം!! ഇതെല്ലാം കഴിഞ്ഞിട്ട് മാത്രമേ എന്റെ സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കൂ എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചതാണ് അത്രയും കാലം നിന്റെ വീട്ടുകാരോട് കാത്തുനിൽക്കാൻ പറഞ്ഞാൽ അവർ കാത്ത് നിൽക്കുമോ?””

“”വിഷ്ണുവേട്ടൻ എന്താ പറഞ്ഞു വരുന്നത്?.””

അവൾ വിഷ്ണുവിനോട് ചോദിച്ചു വിഷ്ണു കുറച്ചുനേരത്തിന് ഒന്നും മിണ്ടിയില്ല പിന്നെ അവളോട് മെല്ലെ പറഞ്ഞു..

“” ശാലിനി മറ്റൊരു വിവാഹത്തിന് സമ്മതിക്കണം നമ്മൾ മോഹിച്ചത് പോലെ ഒന്നും നടക്കണമെന്നില്ലല്ലോ?? എന്റെ അവസ്ഥ നീ മനസ്സിലാക്കണം വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ്!””

അത് കേട്ടതും ശാലിനിക്ക് ദേഷ്യം വന്നു..

“” സ്കൂളിൽ പഠിക്കുമ്പോൾ മുതൽ എന്റെ പുറകെ നടക്കുമ്പോൾ നിങ്ങൾക്ക് ഈ ബാധ്യതകളെ പറ്റി ഒന്നും അറിയില്ലായിരുന്നു എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ് ഇത്രയും നാൾ എന്നെ കബളിപ്പിച്ചപ്പോൾ അപ്പോഴും ഇതൊന്നും അറിഞ്ഞു കൂടായിരുന്നോ?? കല്യാണം കഴിക്കണം എന്നു പറഞ്ഞപ്പോൾ മാത്രം ഈ ബാധ്യതകൾ എവിടെനിന്നാണ് പൊന്തി വന്നത്?? “”

ശാലിനിയുടെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു വിഷ്ണുവിന് അവൻ ഒന്നും മിണ്ടാതെ നിന്നു.

“” ഇനി മേലാൽ നമ്മൾ തമ്മിൽ കാണരുത് എനിക്ക് ജീവിതത്തിൽ ഒരു അബദ്ധം പറ്റിയതാണെന്ന് ഞാൻ വിശ്വസിച്ചോളാം!!

എന്നുപറഞ്ഞ് അവൾ തിരിഞ്ഞു നടന്നു അവളുടെ മനസ്സ് മുഴുവൻ സങ്കടം കൊണ്ട് നിറഞ്ഞിരുന്നു ഏഴു വർഷത്തെ പ്രണയമാണ്!! ഈ തകർന്നടിഞ്ഞ് കിടക്കുന്നത്..

അവൾ വേഗം വീട്ടിലേക്ക് നടന്നു അമ്പലത്തിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയതാണ്,

പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട് അതിനുമുമ്പ് വിഷ്ണുവേട്ടനോട് കാര്യം പറഞ്ഞു ഇതിൽ എന്തെങ്കിലും ഒരു തീരുമാനം എടുക്കണം എന്ന് കരുതി പോയതാണ്.

നിറയെ ബാധ്യതയാണത്രേ?? എന്നെ മോഹിപ്പിക്കുമ്പോൾ!! എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണ് എന്ന് പറയുമ്പോൾ അപ്പോഴൊന്നും ഇതിന്റെ ഓർമ്മ ഉണ്ടായിരുന്നില്ലെ..

രണ്ടുദിവസം കഴിഞ്ഞപ്പോൾ അവളെ പെണ്ണുകാണാൻ ഉള്ളവർ വന്നു ഗോപൻ എന്നായിരുന്നു ചെറുക്കന്റെ പേര്..

ചെറുക്കന് ബാങ്കിൽ ആയിരുന്നു ജോലി. ആകെയുള്ളത് അമ്മയും ഒരു അനിയത്തിയും മാത്രമാണ് അനിയത്തിയെ വിവാഹം ചെയ്തു അയച്ചു..

ഇനിയുള്ളത് അയാൾ മാത്രം.

“” കല്യാണം കഴിഞ്ഞു എന്ന് വച്ച്, ഞങ്ങൾക്ക് യാതൊരു ഡിമാന്റും ഇല്ല കേട്ടോ.. പഠിക്കണമെങ്കിൽ പഠിക്കാം അതെല്ലാം വല്ല ജോലിക്കും പോകാനാണ് താല്പര്യം എങ്കിൽ അതും ആവാം!! വീട്ടിൽ ആളില്ല അമ്മയെ സഹായിക്കണം എന്നൊന്നും ഞങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യങ്ങൾ ഉണ്ടാവില്ല!””

ഗോപന്റെ അമ്മ പറഞ്ഞത് അവൾ ശ്രദ്ധിച്ചിരുന്നു.. അമ്മയ്ക്ക് കൂട്ടിന് ഒരാൾ എന്നെല്ലാം പറഞ്ഞാണ് ഓരോ കല്യാണം നടത്താറ് എന്നിട്ട് ഒന്നിനും പോകാതെ വീട്ടിൽ ഒതുങ്ങിപ്പോകുന്ന പല സ്ത്രീകളും ഉണ്ട്.. അതിൽ നിന്ന് ഇവർ അല്പം വ്യത്യസ്തരാണ് എന്ന് തോന്നി അവൾക്ക്.

ചായയുമായി അവൾ അങ്ങോട്ടേക്ക് വന്നപ്പോൾ ആരൊക്കെയോ ഇതാണ് ചെറുക്കൻ എന്നു പറഞ്ഞു കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു എന്നാൽ

അവൾ അയാളെ ഒന്ന് നോക്കിയത് പോലുമില്ല.. പെണ്ണിനും ചേറുക്കനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്നു പറഞ്ഞു ബാക്കിയുള്ളവർ.. അത് കേട്ടിട്ടാണ് അവൾ ഗോപന്റെ പുറകെ മുറ്റത്തേക്ക് ചെന്നത്..

“” എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്!!””

അത് കേട്ടതും ഗോപന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു..

“” എനിക്ക് മറ്റൊരാളുമായി പ്രണയം ഉണ്ടായിരുന്നു ഈ നാട്ടിലെ തന്നെ ഒരാളാണ് ഇപ്പോൾ എനിക്ക് വിവാഹാലോചന വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ പോയി അദ്ദേഹത്തോട് ഒരു കല്യാണ ആലോചനയായി വീട്ടിലേക്ക് വരാൻ പറഞ്ഞു പക്ഷേ ഇപ്പോൾ ഓരോ കാരണം പറഞ്ഞ് അയാളെന്നെ ഒഴിവാക്കുകയാണ്!!! ഇനി എനിക്കൊരു വിവാഹത്തിനോട് താല്പര്യം ഇല്ല ദയവുചെയ്ത് അത് മനസ്സിലാക്കി നിങ്ങൾ ഇതിൽ നിന്ന് പിന്മാറണം!””

അത് കേട്ട് ഗോപൻ കുറച്ചുനേരം ശാലിനിയെ തന്നെ നോക്കി നിന്നു..

“” എനിക്ക് തന്നെ കണ്ടപ്പോഴേ ഇഷ്ടമായി!! പ്രണയം ജീവിതത്തിൽ വരും പോകും. അതൊക്കെ സ്വാഭാവികമാണ് എന്നുവച്ച് അത് തന്നെയാണ് അവസാനം എന്നും കരുതി ഇരിക്കുന്നത് മണ്ടത്തരം ആണ്… അയാൾക്ക് തന്നെ വിവാഹം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞു അത് അവിടെ തീർന്നു എന്നുവച്ച് അതിന്റെ പേരിൽ താൻ തന്റെ ലൈഫ് സ്പൊയിൽ ചെയ്യണം എന്നാണോ അർത്ഥം അല്ല!! താൻ തന്റെ ലൈഫും ആയി മുന്നോട്ടു പോകണം!! ഞാനല്ലെങ്കിൽ മറ്റൊരാൾ തന്നെ വിവാഹം കഴിക്കും എനിക്കാണെങ്കിൽ ഇതെല്ലാം മനസ്സിലാക്കാനുള്ള ബോധമുണ്ട് മറ്റുചിലർ ഇതിന്റെ പേരിൽ ചിലപ്പോൾ തന്നെയിട്ട് വട്ടം കറക്കും..

അതുകൊണ്ട് നമുക്ക് ഏതായാലും ഈ വിവാഹം ഹോൾഡ് ചെയ്തു വയ്ക്കാം പൂർണമായും പറ്റില്ല എന്ന് പറഞ്ഞ് ഉപേക്ഷിക്കേണ്ട!!

എന്നെങ്കിലും തനിക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞാലോ തന്റെ ലൈഫിലേക്ക് എന്നെ ഇൻവൈറ്റ് ചെയ്യണം എന്ന് തോന്നിയാലോ അന്ന് നമുക്ക് ഒരുമിച്ച് ജീവിക്കാം എന്റെ നമ്പർ നോട്ട് ചെയ്തോളൂ.. എന്ന് പറഞ്ഞ് ഗോപൻ അവന്റെ നമ്പർ അവളുടെ മൊബൈൽ സേവ് ചെയ്തു..

പിന്നീടങ്ങോട്ട് ഒരു നല്ല സുഹൃത്തായി ഗോപൻ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.

പതിയെ അവനോടുള്ള അനിഷ്ടം എല്ലാം മാറി അവിടെ നല്ലൊരു ഇഷ്ടം സ്ഥാനം പിടിച്ചു..

ഗോപൻ പറഞ്ഞതുപോലെ മറ്റൊരാൾക്ക് ചിലപ്പോൾ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല പക്ഷേ ഗോപൻ അങ്ങനെയല്ല എല്ലാം മനസ്സിലാക്കിയിട്ടും തന്നെ കൂടെ കൂട്ടി..

അതുകൊണ്ടുതന്നെ ഈ വിവാഹത്തിന് സമ്മതമാണ് എന്ന കാര്യം അവൾ ഗോപനെ അറിയിച്ചു എന്നായാലും അവൾ തന്നെ അംഗീകരിക്കും എന്ന് ഗോപന് അറിയാമായിരുന്നു..

കാരണം കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന, അവളുടെ ക്യാരക്ടറിനെയും അവളെയും അംഗീകരിക്കുന്ന.. വേണ്ട സ്വാതന്ത്ര്യം നൽകുന്ന ഒരു പുരുഷനെ ഒരു സ്ത്രീക്കും തള്ളിക്കളയാൻ ആവില്ല.

പുരുഷന്റെ തണലിൽ ഒതുങ്ങാനുള്ളതല്ല സ്ത്രീ പകരം അവളെ ചിറക് വെച്ച് പറക്കാൻ സഹായിക്കുന്നവൻ ആകണം പുരുഷൻ..

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഗോപൻ അവളുടെ കഴുത്തിൽ താലി ചാർത്തി.

പിന്നീട് അങ്ങോട്ട് ജീവിതം വളരെ സന്തോഷപ്രദമായിരുന്നു..
ജീവിതത്തിൽ ചിലതെല്ലാം നഷ്ടപ്പെടുന്നത് ചിലതെല്ലാം നേടിയെടുക്കാൻ വേണ്ടിയാണെന്ന് അവൾക്ക് അന്നേരം തോന്നി…