ഗവൺമെന്റ് ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ആളുടെ മട്ടും ഭാവവും ആകെ മാറി..അതിനും കാരണമുണ്ട്.. പുത്തൻ പണക്കാരനായ അമ്മാവൻ ബന്ധം ഒഴിവാക്കി വന്ന മകൾക്കായി വിഷ്ണുവേട്ടനെ ആലോചിച്ചത്രെ…….

എഴുത്ത്:-അപർണ

“” അതെ നിന്റെ ത ന്തയോടും ത ള്ളയോടും മര്യാദയ്ക്ക് ഇങ്ങോട്ട് വരാൻ പറ!! ഇന്നെങ്കിലും നിന്റെ കാര്യത്തിന് എന്തേലും തീരുമാനം ഉണ്ടാക്കണം!!”

എന്ന് അമ്മായിയമ്മ ഉറഞ്ഞുതുള്ളി പറഞ്ഞപ്പോൾ എന്തുവേണമെന്ന് പോലും അറിയാതെ അവിടെത്തന്നെ തറഞ്ഞു നിന്നു പോയി മാളവിക.

അവളുടെ കണ്ണുകൾ ഒരു ആശ്രയത്തിനായി പരതി ഭർത്താവിന്റെ മുഖത്തേക്ക് എത്തി നിന്നു എന്നാൽ അയാളുടെ മുഖത്തെ പുച്ഛഭാവം കണ്ടപ്പോൾ അവൾ വീണ്ടും തളർന്നു..

അല്ലെങ്കിലും വിഷ്ണുവേട്ടൻ തന്നെ വേണ്ട എന്ന് മുഖത്ത് നോക്കി തന്നെ പറഞ്ഞിട്ടുണ്ട് എന്നിട്ടും ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത് ഞാനാണ്..

സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. മുറിയിൽ പോയിരുന്നു ആവോളം കരഞ്ഞു.. മൂന്നുവർഷം മുൻപാണ് വിഷ്ണുവേട്ടന്റെ കല്യാണാലോചന വന്നത് ഒരുപാട് സ്ഥലത്ത് പെണ്ണ് കണ്ടു മടുത്തിട്ടായിരുന്നു തന്റെ വീട്ടിലേക്ക് വിഷ്ണുവേട്ടൻ വന്നത്… കാഴ്ചയിൽ വലിയ ഭംഗി ഒന്നുമില്ലായിരുന്നു ആൾക്ക് അതുകൊണ്ട് തന്നെ വിവാഹ കമ്പോളത്തിൽ മാർക്കറ്റ് കുറവായിരുന്നു..

“”” പെണ്ണ് കണ്ടു മടുത്തു തനിക്കും എന്നെ ഇഷ്ടപ്പെടാൻ വഴിയില്ല കാരണം താൻ സുന്ദരിയാണല്ലോ!! എങ്കിലും അമ്മയുടെ ഒരു സമാധാനത്തിനു വേണ്ടി വന്നു എന്നേയുള്ളൂ!””

എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്തോ തുറന്നുപറയുന്ന ആ സ്വഭാവം വല്ലാതെ ഇഷ്ടപ്പെട്ടു എനിക്ക് സമ്മതമാണ് എന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് എനിക്കായി നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു..

വിവാഹം കഴിഞ്ഞത് മുതൽ സ്വർഗ്ഗം പോലെ ഉള്ള ജീവിതം ആയിരുന്നു സ്നേഹിച്ചു സ്നേഹിക്കപ്പെട്ടു മുന്നോട്ടുപോയി പക്ഷേ എല്ലാം മാറിമറിഞ്ഞത് ഏട്ടൻ പിഎസ്സി റാങ്ക് ലിസ്റ്റിൽ വന്നപ്പോഴാണ്..

ഗവൺമെന്റ് ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ആളുടെ മട്ടും ഭാവവും ആകെ മാറി..
അതിനും കാരണമുണ്ട്.. പുത്തൻ പണക്കാരനായ അമ്മാവൻ ബന്ധം ഒഴിവാക്കി വന്ന മകൾക്കായി വിഷ്ണുവേട്ടനെ ആലോചിച്ചത്രെ. ഒരു ഭാര്യയുണ്ട് എന്നറിഞ്ഞിട്ടു പോലും..

അയാൾക്ക് ആണും പെണ്ണും ആയി ആ പെണ്ണ് മാത്രമേയുള്ളൂ അതുകൊണ്ടു തന്നെ അയാളുടെ ഇട്ടു മൂടാനുള്ള സ്വത്തുക്കൾ തങ്ങളുടെ കയ്യിൽ വന്നുചേരും എന്ന് സ്വപ്നം കണ്ട് നടക്കുന്ന അമ്മയ്ക്കും മകനും ഞാൻ പിന്നീട് ഒരു ശല്യമായി തോന്നി..

കുറെ നാളായി എന്നെ ഉപദ്രവിക്കാൻ തുടങ്ങിയിട്ട് വിഷ്ണുവേട്ടൻ ഇത്രത്തോളം മാറും എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ആദ്യം ഒന്നും വലിയ കുഴപ്പമുണ്ടായിരുന്നില്ല പക്ഷേ അമ്മ ബ്രെയിൻ വാഷ് ചെയ്ത് ആളെ പൂർണമായും മാറ്റിയെടുത്തു എന്നെ ഒഴിവാക്കാൻ എന്തെങ്കിലും ഒരു കാരണം വേണം അതിനായിരുന്നു അമ്മ മുറിയിൽ മാല അഴിച്ചുവെച്ചത് ഞാൻ എടുത്തു എന്നും പറഞ്ഞ് ബഹളം വെച്ചത്..

ഇപ്പോൾ എന്റെ വീട്ടിലേക്ക് വിളിച്ച് എന്നെ കൊണ്ടുപോകാൻ പറയാൻ വേണ്ടി പറഞ്ഞിരിക്കുകയാണ്.

താൻ വിളിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് എന്ന് തോന്നുന്നു അവർ തന്നെ അച്ഛനെയും അമ്മയെയും വിളിച്ചു വരുത്തിയിട്ടുണ്ട്. ആശങ്കയോടെ അവർ ഓടിവന്ന് എന്തുപറ്റി എന്ന് തിരക്കുന്നത് മുറിയിലിരുന്ന് ഞാൻ കേട്ടു.

“” എന്തു പറ്റാൻ!! നിങ്ങടെ മകളെ ഇനി ഇവിടെ നിർത്താൻ പറ്റില്ല!! എന്റെ മകന്റെ ഒരു കുഞ്ഞിനെയോ പ്രസവിക്കാനുള്ള കഴിവില്ല എന്നത് പോട്ടെ, ഒരു രൂപയ്ക്ക് അവളെ കൊണ്ട് ഒരു ഗുണം ഈ വീടിന് ഇല്ല.. പോരാത്തതിന് മോഷണവും!!

അത് കേട്ടപ്പോൾ തന്നെ അച്ഛന്റെയും അമ്മയുടെയും നെഞ്ച് പിടഞ്ഞിട്ടുണ്ടാകും പട്ടിണിയായിരുന്നു പക്ഷേ മോഷ്ടിക്കാൻ പഠിപ്പിച്ചിട്ടില്ല.. മുണ്ട് മുറുക്കിയുടുത്ത് ജീവിക്കാനേ പറഞ്ഞു തന്നിട്ടുള്ളൂ..

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. പെട്ടെന്നാണ് അമ്മ മുറിയിലേക്ക് കയറി വന്നത്.. എന്നെ തലയിലൂടെ മെല്ലെ തഴുകിയപ്പോൾ അമ്മയുടെ നെഞ്ചിലേക്ക് വീണു ഞാൻ പൊട്ടി കരഞ്ഞു.

“” എന്തൊക്കെയാ മോളെ ഞാൻ ഈ കേൾക്കുന്നത് വിഷ്ണുവും പറഞ്ഞല്ലോ നിന്നെ തിരികെ കൊണ്ടുപോയിക്കോളാൻ?? അവന് നിന്നെ ജീവനായി രുന്നില്ലേ മോളെ?? “‘

അമ്മ അത് ചോദിച്ചപ്പോൾ എന്ത് മറുപടി പറയണം എന്നറിയാതെ ഇരുന്നു..

“” ഗവൺമെന്റ് ജോലി കിട്ടിയപ്പോൾ, ഇപ്പോ ഞാൻ പോരാ എന്നായി അമ്മേ!! ഒന്നുമില്ലാത്തപ്പോൾ ആയിരുന്നു മാളവികയോട് സ്നേഹം!””

അത് കേട്ടപ്പോൾ അമ്മ എന്തൊക്കെയോ ഊഹിച്ച് എടുത്തു എന്ന് തോന്നി എന്നോട് എടുക്കാൻ ഉള്ളതെല്ലാം എടുത്ത് ഇറങ്ങിക്കോളാൻ പറഞ്ഞു.. കുറെ ദിവസം സ്വന്തം അഭിമാനം പോലും പണയപ്പെടുത്തി ഞാൻ ഇവിടെ നിന്നത് എനിക്ക് വിഷ്ണുവേട്ടനെ അത്രത്തോളം ഇഷ്ടമുള്ളത് കൊണ്ടായിരുന്നു ഇന്നല്ലെങ്കിൽ നാളെ എന്റെ സ്നേഹം മനസ്സിലാക്കും എന്ന് കരുതിയതു കൊണ്ടായിരുന്നു പക്ഷേ അങ്ങനെയൊന്ന് ഉണ്ടാവില്ല എന്ന് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ മനസ്സിലായി അതുകൊണ്ട് കഴുത്തിൽ കിടക്കുന്ന താലി ഊരി അയാളുടെ കയ്യിലേക്ക് കൊടുത്തിട്ടാണ് ഇറങ്ങിപ്പോന്നത്..

പോകുന്നതിനു മുമ്പ് അയാളുടെ അമ്മയെ ഒന്ന് പോയി കണ്ടു..

“” നിങ്ങൾ മോഷ്ടിച്ചു എന്ന് പറഞ്ഞല്ലോ നിങ്ങളുടെ തന്നെ മാല, അത് അപ്പുറത്തെ വീട്ടിലെ നിങ്ങടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കഴുത്തിൽ ഞാൻ ഇന്ന് രാവിലെ കണ്ടു!! അവരുടെ കയ്യിൽ സൂക്ഷിക്കാൻ കൊടുത്ത് ഇവിടെ എന്നെ ഒഴിവാക്കാൻ വേണ്ടി നാടകം കളിച്ചത് വളരെ മനോഹരമായിട്ടുണ്ട്.. പക്ഷേ നിങ്ങളോളം തരംതാഴാൻ എനിക്ക് വയ്യ നിങ്ങളുടെ മകനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഇത്രയും ദിവസം ഞാനിവിടെ പിടിച്ചുനിന്നത് പക്ഷേ അയാൾ ഇനി അത് അർഹിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി!! അതു കൊണ്ട് ഞാൻ ഇറങ്ങുകയാണ് എന്നും പറഞ്ഞ് ആ പടിയിറങ്ങി ഇനി ഒരിക്കലും ഇവിടേക്ക് തിരിച്ചു വരില്ല എന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു.

ഡിവോഴ്സിന് രണ്ടുപേരും ചേർന്നാണ് അപ്ലൈ ചെയ്തത് അത് കുറെ കാല താമസം എടുക്കും എന്ന് അറിയാമായിരുന്നു അതിന്റെ വിധി ഒന്നും കാത്തുനിൽക്കാതെ തന്നെ അമ്മാവന്റെ മകളുടെ കഴുത്തിൽ വിഷ്ണുവേട്ടൻ താലികെട്ടി..

നാലുമാസം പോലും എത്താത്ത ആ ബന്ധം അടിച്ചു പിരിഞ്ഞു എന്ന് പിന്നീട് അറിഞ്ഞു.. അവർക്കും കുഞ്ഞുങ്ങൾ ഉണ്ടാകാതെ ആയപ്പോൾ ഡോക്ടറുടെ അരികിൽ കൊണ്ടുപോയി നോക്കി വിഷ്ണുവേട്ടന് കുഞ്ഞുങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയത്രേ!!

ഞാൻ അടുത്തുള്ള ഒരു ടെക്സ്റ്റൈൽസിൽ ജോലിക്ക് പോകാൻ തുടങ്ങി അവിടെ ഫ്ലോർ മാനേജർക്ക് എന്റെ കാര്യങ്ങൾ എല്ലാം അറിയാമായിരുന്നു ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്ന് കല്യാണം ആലോചിച്ചു.

അദ്ദേഹത്തിന്റെ ഭാര്യ മഞ്ഞപ്പിത്തം വന്നു മരിച്ചതാണ്.

അച്ഛനും അമ്മയും പൂർണ്ണ മനസ്സോടെ ഞങ്ങളുടെ വിവാഹത്തിന് സമ്മതിച്ചു.
മനസ്സിൽ നിന്ന് വിഷ്ണുവേട്ടനെ എടുത്തു കളയാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എങ്കിലും അയാളുടെ പേരുപറഞ്ഞ് എന്റെ ജീവിതം തകർക്കില്ല എന്ന് എനിക്ക് വാശിയായിരുന്നു.

ഒടുവിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോഴേക്ക് എനിക്ക് വിശേഷമായി..

പ്രദീപേട്ടനെയും കൊണ്ട് ഗൈനക്കോളജിസ്റ്റിനെ കാണാൻ വേണ്ടി പോയപ്പോൾ,?ഒറ്റയ്ക്ക് ജോലിയെല്ലാം ചെയ്ത് എവിടെയോ വഴുക്കി വീണ അമ്മയെയും കൊണ്ട് അയാൾ എത്തിയിരുന്നു..

ഞാൻ ഉള്ളപ്പോൾ ഒരു ഇല പോലും എടുത്ത് മലത്തിയിടാത്ത സ്ത്രീയായിരുന്നു….
എന്നെ നോക്കുന്ന കണ്ണുകളിൽ നഷ്ടബോധം ഞാൻ തെളിഞ്ഞു കണ്ടു ആ ഭാഗത്തേക്ക് പോലും നോക്കാതെ ഞാൻ എന്റെ പ്രദീപേട്ടന്റെ തോളിൽ തലയും ചാരി അവിടെത്തന്നെ ഇരുന്നു..