ചിലർക്ക് അവൾ പളപളമിന്നുന്ന സാരിയും ആഭരണങ്ങളും പൗഡറും സോപ്പും സ്പ്രേയുമാണ്.. അവനവൾ തീരാത്ത തേങ്ങലും നെടുവീർപ്പുകളും പരിഭവങ്ങളുമാണ്…..

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി

ഒരു ഗൾഫുകാരന്റെ ഭാര്യ എന്നാൽ ഒരേസമയം ഇരയും കുറ്റവാളിയും ആകുന്നു..

ചിലർക്ക് അവൾ അത്തറിന്റെ സുഗന്ധമാണ്.. ആദ്യനാളുകളിൽ കിനാവുകളിൽ സ്വയംമറന്ന്, ചുണ്ടുകളിൽ ചിരിയുടെ അലകൾ ഒളിപ്പിച്ച്, കണ്ണുകളിൽ ഇത്തിരി നാണം ഇടയ്ക്കിടെ മിന്നിമറഞ്ഞ് അവൾ തന്റെ സ്വപ്നസാമ്രാജ്യത്തിൽ പറന്നു നടക്കുന്നത് കണ്ടവരുണ്ടാവും.

ഇടക്കവൾ കണ്ണീരിൽ കുളിച്ച്, ചെയ്യുന്ന ജോലികളിൽ മനസ്സുറയ്ക്കാതെ, അയാൾ ജോലിചെയ്യുന്ന മരുഭൂമിയിലെന്നവണ്ണം ഇടറിനടപ്പുണ്ടാകും..

ഒരു ഓണമോ വിഷുവോ വരുമ്പോൾ, അല്ലെങ്കിൽ മറ്റൊരു ആഘോഷമോ ഉത്സവമോ വരുമ്പോൾ, നന്നായി ഒന്ന് അണിഞ്ഞൊരുങ്ങുമ്പോൾ, പുതിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ, മിഴിയിൽ ഇത്തിരി മഷി എഴുതുമ്പോൾ, ആര് തന്നെ കാണണമെന്ന് ആഗ്രഹിക്കുന്നുവോ അവരടുത്തില്ലാത്തതിന്റെ ഒരു വേദനയും നീറ്റലും അതേസമയം താൻ ആഗ്രഹിക്കാത്ത കുറേയേറെ കണ്ണുകൾ തന്നെ നിരന്തരം പിന്തുടരുന്നതിന്റെ ജാള്യതയും അവൾ ഒരേസമയം സഹിക്കേ ണ്ടിവരുന്നു…

സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റയാക്കപ്പെട്ടതിന്റെ വേവലാതി കൂടാതെ ഉത്തരവാദിത്തങ്ങളുടെ ഭാരവും ഒപ്പം കടന്നലുകൾ ഇരമ്പുന്നതുപോലെ ആർത്തുവരുന്ന കുറ്റപ്പെടുത്തലുകളും അവളുടെ മനസ്സിലെ പച്ചപ്പുകളും പ്രതീക്ഷകളുടെ നാമ്പുകളും ഉണക്കിക്കളയുന്നു…

അവൾ തരിശുമണക്കുന്ന മറ്റൊരു മരുഭൂമിയാകുന്നു…

കത്തുന്ന നെഞ്ചും പിടയ്ക്കുന്ന കരളും ആരും കാണാതിരിക്കാൻ അവളപ്പോഴേക്കും
പഠിച്ചിരിക്കും.

അയാൾ വരുമ്പോൾ പല ആവശ്യങ്ങൾ പറഞ്ഞ് നൂറ് കൈകൾ അയാളുടെ നേ൪ക്ക് നീളുന്നത് തടുക്കാൻ അവളൊരുത്തിയേ കാണൂ.. മരുഭൂമിയിൽ ചോരനീരാക്കിയ ദിനങ്ങളും മരവിച്ച നിശ്വാസങ്ങളും പകരം കൊടുത്ത പലതും ചൂഷണരൂപത്തിൽ മറ്റുകൈകളിലേക്ക് നിമിഷനേരംകൊണ്ട് മറിയുന്നത് പാടെ നോക്കിനിൽക്കേണ്ടിവരുന്നവൾ..

ചിലർക്ക് അവൾ പളപളമിന്നുന്ന സാരിയും ആഭരണങ്ങളും പൗഡറും സോപ്പും സ്പ്രേയുമാണ്.. അവനവൾ തീരാത്ത തേങ്ങലും നെടുവീർപ്പുകളും പരിഭവങ്ങളുമാണ്..

പോകെപ്പോകെ കുറേപ്പേ൪ക്ക്, അവളുടെ വിശേഷണങ്ങൾ നന്ദിയില്ലാത്തവൾ, തൻകാര്യം നോക്കുന്നവൾ, സ്വാ൪ത്ഥമതി എന്നൊക്കെയേ ആവൂ… കട്ടായം..

ഒടുവിലയാൾ ഗൾഫുജീവിതം മതിയാക്കിവരുമ്പോൾ അവളോ൪ക്കുന്നത് തന്റെ യൌവ്വനവും ആരോഗ്യവും ചോ൪ത്തിക്കളഞ്ഞ കാലത്തിനെയാണ്.. ആ മായാജാലക്കാരൻ തന്നെ ശിക്ഷിച്ചതെന്തിനെന്നറിയാതെ അവൾ തന്നെത്തന്നെ മൗനത്തിന് കടം കൊടുത്തുകളയും…..

അതുകൊണ്ടാണ് പറയുന്നത് അവൾ ഒരേസമയം ഇര യും മനഃസ്സാക്ഷിയെ ക ശാപ്പുചെയ്ത കുറ്റവാ ളിയുമാണ് എന്ന്…