എട്ടു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന നിശബ്ദമായ ഉറക്കത്തിൽ നിന്നും അന്നേദിവസം വെസൂവിയസ്പർവ്വതം ഉണർന്നെഴുന്നേറ്റ് പൊട്ടിത്തെറിച്ചു

പടിഞ്ഞാറൻ ഇറ്റലിയിൽ നേപ്പിൾസിനു സമീപം സ്ഥിതിചെയ്ത പ്രാചീന നഗരമായിരുന്നു പോംപെയ്. ഗ്രീക്ക് സംസ്കാരത്തിൽ തഴച്ചുവളർന്ന്, പിന്നീട് റോമൻ കോളനിയായ സമ്പന്ന നഗരം. ചരിത്രമുറങ്ങുന്ന ആ നഗരം എ.ഡി 79 ഓഗസ്റ്റ് 24ന് ഭൂമുഖത്തുനിന്നും എന്നെന്നേക്കുമായി ഇല്ലാതെയായി.

പോംപെയ് നഗരത്തിനു സമീപം തലയുയർത്തി നിന്നിരുന്ന വെസൂവിയസ് എന്ന അഗ്നിപർവതം ആണ് ഈ കഥയിലെ വില്ലൻ. എട്ടു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന നിശബ്ദമായ ഉറക്കത്തിൽ നിന്നും അന്നേദിവസം വെസൂവിയസ് പർവ്വതം ഉണർന്നെഴുന്നേറ്റ് പൊട്ടിത്തെറിച്ചു.

അതിഭീകരമായ ആ സ്ഫോടനത്തിൽ 1300 മീറ്ററോളം ഉയരമുള്ള വെസൂവിയസിന്റെ മുകൾഭാഗം അപ്പാടെ തെറിച്ചുപോയി. ആ സമയത്ത് ആഞ്ഞുവീശിയ കാറ്റ്, കരിമേഘം പോലെ ഉയർന്നു പൊങ്ങിയ ചാരം ആ പ്രദേശമാകെ വാരിവിതറി. ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിപർവതസ്ഫോടനങ്ങളിൽ ഒന്നായിരുന്നു അത്.

നഗരത്തെയൊന്നാകെ വിഴുങ്ങിയ ലാവയ്ക്കും ചാരത്തിനും മുകളിൽ പിറ്റേന്ന് മഴ കൂടി പെയ്തതോടെ ചാരം കോൺക്രീറ്റ് പാളി പോലെ ഉറച്ചു കട്ടിയായി. അതിനടിയിൽ നാലാൾ താഴ്ചയിൽ പോംപെയ് അതിലെ താമസക്കാർക്ക് ഒപ്പം അടക്കം ചെയ്യപ്പെട്ടു.

രണ്ടായിരത്തിലധികം പേരാണ് ഒറ്റയടിക്ക് ശ്വാസംമുട്ടി മരിച്ചു പോയത്. അവരുടെ ശരീരങ്ങൾ ഈജിപ്തിലെ മമ്മികളെപോലെ ചാരത്തിൽ പൊതിഞ്ഞു സുരക്ഷിതമായി കിടന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ പുരാവസ്തുഗവേഷകർ പോംപെയ് നഗരത്തെ ഖനനം ചെയ്ത്എടുക്കുമ്പോഴും അവിടത്തെ തെരുവുകൾക്കോ വീടുകൾക്കോ വീട്ടുപകരണങ്ങൾക്കോ വലിയ കേടുപാടുകളൊന്നും തന്നെ സംഭവിച്ചിരുന്നില്ല.